പൂരം കലക്കല്‍ വിവാദം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ കടുത്ത നടപടിയുണ്ടാകില്ല; താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കും

തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരെ കടുത്ത നടപടി ഉണ്ടാകില്ല. സസ്‌പെന്‍ഷന്‍ പോലുള്ള നടപടി വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി. മുന്‍ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പുതിയ ശുപാര്‍ശ എഴുതി ചേര്‍ത്തു.
സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് റിപ്പോര്‍ട്ട് പുനഃപരിശോധിച്ചത്. എം.ആര്‍. അജിത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റിയതിനാലാണ് കടുത്ത നടപടികളിലേക്ക് കടക്കേണ്ടെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന.
എഡിജിപി എം.ആര്‍. അജിത് കുമാറിനെ ബറ്റാലിയന്‍ എഡിജിപി സ്ഥാനത്ത് നിന്നാണ് നീക്കിയത്. പകരം എക്‌സൈസ് കമ്മീഷണര്‍ ആയാണ് നിയമിച്ചിരിക്കുന്നത്. നിലവിലെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് അവധിയില്‍ പോയ ഒഴിവിലാണ് പുതിയ നിയമനം.
അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ അജിത് കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തിരുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് വിജിലന്‍സ് കോടതി ക്ലീന്‍ ചിറ്റ് തള്ളിയതെന്നാണ് അജിത് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.