'രാഷ്ട്രീയം ചര്‍ച്ചയായി'; ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്ത് തനിച്ചെത്തി; കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി. കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തനിച്ചാണ് രമേശ് ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയത്. സൗഹൃദസന്ദര്‍ശനമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു
കോട്ടയത്ത് എംപിയായിരിക്കുന്നതുമുതല്‍ താന്‍ ഇവിടുത്തെ നിത്യസന്ദര്‍ശകനാണെന്ന് ചെന്നിത്തല പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളും വിഷയമായി. ബാവ തിരുമേനി എന്നും വലിയ സൗഹൃദമാണ് തന്നോട് കാട്ടിയിട്ടുള്ളത്. ആ സൗഹൃദം ഊട്ടി ഉറപ്പിക്കുകയായാണ് സന്ദര്‍ശനത്തിലൂടെ ചെയ്തത്. ബാറുകളിലെ സമയം ഉയര്‍ത്തിയ കാര്യം സര്‍ക്കാരിന്റെ തീരുമാനമാണ്. പ്രതിപക്ഷവുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല. അക്കാര്യം പ്രതിപക്ഷ നേതാവ് തന്നെ നേരത്ത പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ആറന്മുള, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട് ഓര്‍ത്തോഡക്‌സിന്റെ ശക്തികേന്ദ്രങ്ങളാണ്. ഇത്തവണ മധ്യതിരുവിതാംകൂറില്‍ യുഡിഎഫിന്റെ വമ്പിച്ച മുന്നേറ്റമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കണ്ടതാണ്. സമൂദായ ആചാര്യന്റെ ഓര്‍മദിനമായതുകൊണ്ട് മന്നത്ത് പത്മനാഭന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.