എ.എ റഹീം എംപിയുടെ ഭാര്യക്കെതിരെ സൈബർ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്
Sep 27, 2025, 13:52 IST

തിരുവനന്തപുരം: എ.എ റഹീം എംപിയുടെ ഭാര്യ അമൃത റഹീമിനെതിരെ സൈബർ അധിക്ഷേപം നടത്തിയതിൽ പൊലീസ് കേസെടുത്തു. മിഥുൻ മിഥു എന്ന അക്കൗണ്ടിലൂടെയാണ് ലൈംഗിക ചുവയോടെ പോസ്റ്റ് ഇട്ടത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
എ.എ റഹീമിന്റെയും ഭാര്യയുടേയും ഫോട്ടോ സഹിതം വെച്ചാണ് ഫെയ്‌സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസിൽ റഹീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
തന്റെയും ഭാര്യയുടേയും വ്യക്തിത്വത്തെ ബാധിക്കുന്നതും സ്ത്രീത്വത്തിന് ക്ഷതം ഏൽപിക്കുന്നതുമാണ് പോസ്‌റ്റെന്ന് റഹീമിന്റെ പരാതിയിൽ പറയുന്നു. ബിഎൻഎസ് 78,79,352 വകുപ്പുകളും കേരള പൊലീസ് ആക്ട് 120(o) എന്നീ വകുപ്പുമാണ് ചുമത്തിയിട്ടുള്ളത്