യുവജന ജൂബിലിക്കു മുന്നോടിയായി സുരക്ഷാനടപടികൾ ശക്തമാക്കി റോം, ഇറ്റലിയിലെമ്പാടുമുള്ള പൊലീസ് സേന റോമിലെത്തും

യുവജന ജൂബിലി ആഘോഷത്തിനായി തയ്യാറെടുക്കുന്ന റോമിൽ സുരക്ഷാനടപടികൾ ശക്തമാക്കി. ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്നു വരെ ആഘോഷിക്കുന്ന 2025 ലെ ജൂബിലി വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണിത്. തലസ്ഥാനത്തിന്റെ പ്രിഫെക്റ്റ് ലാംബർട്ടോ ജിയാനിനിയാണ് സുരക്ഷാസംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്.
റോമിന്റെ തെക്കുകിഴക്കൻ പ്രാന്തപ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു വലിയ പ്രദേശമായ ടോർ വെർഗറ്റയിൽ ഓഗസ്റ്റ് 2, 3 തീയതികളിൽ ലെയോ പതിനാലാമൻ പാപ്പ പങ്കെടുക്കുന്ന വിശുദ്ധ കുർബാനയും സമ്മേളനവും നടക്കും. എട്ടുലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള തുറസ്സായ ഈ സ്ഥലം രണ്ടായിരാമാണ്ടിൽ വി. ജോൺ പോൾ രണ്ടാമന്റെ ലോക യുവജനദിനത്തിനു വേദിയായി ഉപയോഗിച്ചിരുന്നു. അന്ന് 20 ദശലക്ഷത്തിലധികം യുവജനങ്ങൾ ഇതിൽ പങ്കെടുത്തിരുന്നു.
അതേസമയം ഏറ്റവും വലിയ യുവജന ജൂബിലി ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ അതീവസുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ ഇറ്റലിയിലെമ്പാടുമുള്ള പൊലീസ് സേന റോമിലെത്തും. അതിനുപുറമെ, തീർഥാടകരുടെ ഗണ്യമായ സാന്നിധ്യം കണക്കിലെടുത്ത് സ്പാനിഷ് സിവിൽ ഗാർഡ്, ഫ്രഞ്ച് ജെൻഡർമേരി, പോളിഷ് നാഷണൽ പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥരും സുരക്ഷാസേനയെ പിന്തുണയ്ക്കും.
ജൂലൈ 29 ചൊവ്വാഴ്ച, ഉദ്ഘാടന കുർബാന നടക്കുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ, ഓഗസ്റ്റ് ഒന്നിന് അനുതാപശുശ്രൂഷയ്ക്കു ആതിഥേയത്വം വഹിക്കുന്ന സർക്കസ് മാക്സിമസ് തുടങ്ങിയ പ്രധാന മേഖലകളുടെ സംരക്ഷണവും സുരക്ഷാനടപടികളിൽ ഉൾപ്പെടും. എന്നാൽ യുവജന ജൂബിലി ആഘോഷത്തിന് അംഗീകൃത തീർഥാടകരുടെ കൃത്യമായ എണ്ണം സുവിശേഷവൽക്കരണ ഡിക്കാസ്റ്ററി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റോം നഗരം നൽകുന്ന കണക്കുകൾപ്രകാരം, ഏകദേശം പത്തുലക്ഷം യുവജനങ്ങൾ റോമിലേക്കു യാത്ര ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. അവരിൽ ഭൂരിഭാഗവും സ്പെയിൻ, ഫ്രാൻസ്, പോളണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.