പേരാമ്പ്ര സംഘർഷത്തിൽ പൊലീസ് വാദം പൊളിയുന്നു, ഷാഫി പറമ്പിലിനെ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിനെ മർദിച്ചില്ലെന്ന പൊലീസ് വാദം പൊളിയുന്നു. ഷാഫിയെ ലാത്തി കൊണ്ടടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഷാഫിയെ മർദിച്ചിട്ടില്ലെന്നായിരുന്നു വടകര റൂറൽ എസ്‌പിയുടെ വാദം. യുഡിഎഫ് പ്രവർത്തകർക്കിടയിലേക്ക് പൊലീസ് ടിയർ ഗ്യാസ് എറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നാലെയാണ് സംഘർഷസാഹചര്യം ഉണ്ടായത്.
ഷാഫിക്ക് പരിക്കേറ്റത് ലാത്തി ചാർജിൽ അല്ലെന്നായിരുന്നു കോഴിക്കോട് റൂറൽ എസ്‌പി കെ.ഇ. ബൈജു ഇന്നലെ പറഞ്ഞത്. പ്രവർത്തകരെ മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്ക് പറ്റിയതെന്നും, പൊലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലേയില്ലെന്നുമായിരുന്നു റൂറൽ എസ്‌പിയുടെ വാദം. ലാത്തി ചാർജ് ചെയ്തെങ്കിൽ വീഡിയോ കാണിക്കൂ എന്നും കെ.ഇ. ബൈജു പറഞ്ഞിരുന്നു. എന്നാൽ പൊലീസ് ഷാഫിക്ക് നേരെ ലാത്തി വീശുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ എംപിയുടെ മൂക്കിൻ്റെ ശസ്ത്രക്രിയ നടത്തി. എംപിക്ക് വിശ്രമം നിർദശിച്ചിരിക്കുകയാണ് ഡോക്ടർമാർ. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.