പോക്‌സോ കേസ് പ്രതി ഇപ്പോഴും ബിജെപി പാർലമെന്ററി ബോർഡംഗം, പാലക്കാട്ടെ ബിജെപി മാന്യന്മാരെ കണ്ടിട്ട് വാസവദത്ത പോലും ചമ്മിക്കാണും- സന്ദീപ് വാര്യർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിൽ പ്രതികരണവുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. കിട്ടിയ അവസരം മുതലെടുത്ത് ഒരാളും കോൺഗ്രസ് പാർട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ വരരുതെന്നും കൃത്യമായ നിലപാട് ആർജ്ജവത്തോടെ പ്രസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
മുഖമുള്ള ഒരു ആരോപണം ഉയരുന്നു. 24 മണിക്കൂറിനകം പാർട്ടി നൽകിയ പദവി ആരോപണ വിധേയൻ രാജിവെക്കുന്നു. ഇത് കേരള രാഷ്ട്രീയത്തിൽ കോൺഗ്രസ് മാത്രം പുലർത്തുന്ന ധാർമിക നിലവാരമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി ചോദ്യം ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യട്ടെ. കോൺഗ്രസ് പാർട്ടി ആരോപണ വിധേയന് നിയമസംരക്ഷണം നൽകുകയോ അതിനുവേണ്ടി പണപ്പിരിവ് നടത്തുകയോ ചെയ്യില്ല എന്നെനിക്കുറപ്പുണ്ട് .. ഇപ്പോൾ തെരുവിൽ കോൺഗ്രസിനെ അധിക്ഷേപിക്കാൻ ഇറങ്ങിയിരിക്കുന്ന ബിജെപി സിപിഎം നേതൃത്വം സമാനമോ ഇതിലും ഗുരുതരമോ ആയ വിഷയങ്ങളിൽ സ്വന്തം ചരിത്രം കൂടി പരിശോധിക്കണം.
പോക്‌സോ കേസിൽ പ്രതിയായ യെദിയൂരപ്പയെ ബിജെപി കൈവെള്ളയിലാണ് സംരക്ഷിക്കുന്നത്. അദ്ദേഹം ഇപ്പോഴും ബിജെപിയുടെ പാർലമെന്ററി ബോർഡ് അംഗമാണ്. ആരോപണമല്ല കേസ് വന്നിട്ട് യെദിയൂരപ്പ പാർട്ടി പദവി രാജിവച്ചോ ? യെദിയൂരപ്പയ്ക്കെതിരെ നടപടി എന്ന് പോയിട്ട് എന്തു സംഭവിച്ചു എന്ന് ചോദിക്കാനുള്ള ആമ്പിയർ പോലും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിനില്ല എന്നതാണ് വസ്തുത.
ബിജെപി എംപിയായിരുന്ന ബ്രിജ്ഭൂഷനെതിരെ ലൈംഗിക പീഡന പരാതി ഉയർത്തിയത് ഇന്ത്യയുടെ അഭിമാനമായ കായികതാരങ്ങളാണ്. നീതിക്കുവേണ്ടി ഡൽഹിയിലെ തെരുവോരങ്ങളിൽ ഇന്ത്യയുടെ ഒളിമ്പ്യൻമാർക്ക് സമരം ചെയ്യേണ്ടിവന്നു, പോലീസ് മർദ്ദനമേൽക്കേണ്ടി വന്നു. ബിജെപി ബ്രിജ് ഭൂഷൻ്റെ രോമത്തിലെങ്കിലും തൊട്ടോ?
പാലക്കാട് എംഎൽഎ ഓഫീസിലേക്ക് സമരവുമായി പോയ ബിജെപിയിലെ മാന്യന്മാരെ കണ്ടിട്ട് വാസവദത്ത പോലും ചമ്മിക്കാണും . ഇനി സിപിഎമ്മിന്റെ കാര്യം ഞാൻ പറയണോ. ഇന്ന് മന്ത്രിസഭയുടെ ഭാഗമായിരിക്കുന്ന രണ്ടു മന്ത്രിമാർ, എംഎൽഎമാർ , സംസ്ഥാന നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെ .. എത്രപേരുടെ പേര് എടുത്തുപറയണം? എന്ത് നടപടിയാണ് സിപിഎം സ്വീകരിച്ചത്? ഓരോരുത്തരെയും സംരക്ഷിക്കുകയല്ലേ ചെയ്തത്.
എന്നാൽ ഇന്നലെ വാർത്തകൾ കേട്ടപ്പോൾ ഓരോ കോൺഗ്രസ് പ്രവർത്തകനും വേദനിച്ചിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം അതുകൊണ്ടുതന്നെ കൃത്യമായ നിലപാട് സ്വീകരിക്കുകയും നിയമപരമായ ഒരു പരാതി പോലും വരുന്നതിനു മുൻപ് ആരോപണമുയർന്ന സാഹചര്യത്തിൽ തന്നെ പാർട്ടി പദവിയിൽ നിന്ന് ആരോപണ വിധേയൻ രാജി സമർപ്പിക്കുകയുമാണ് ഉണ്ടായത്.
നിയമസഭ അംഗത്വം സംബന്ധിച്ച് രാജ്യത്തും കേരളത്തിലും ഒരു കീഴ് വഴക്കം ഉണ്ട്. കോടതി കുറ്റവാളി എന്ന വിധിക്കുന്നത് വരെ ഇത്തരം വിഷയങ്ങളിൽ പെടുന്ന ഒരാളും രാജിവച്ച ചരിത്രമില്ല.
അതുകൊണ്ട് കിട്ടിയ അവസരം മുതലെടുത്ത് ഒരാളും കോൺഗ്രസ് പാർട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ വരരുത്. കൃത്യമായ നിലപാട് ആർജ്ജവത്തോടെ പ്രസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.