പ്രധാനമന്ത്രിയുടെ ജന്മദിനം പള്ളിയിൽ ആഘോഷിക്കും, കുർബാനയും കേക്ക് മുറിക്കലും ഉണ്ടാകും, ബിജെപിയുടെ പോസ്റ്റർ വിവാദത്തിൽ, ശക്തമായി അപലപിക്കുന്നുവെന്ന് ഇടവക വികാരി

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ജന്മദിനം തൊടുപുഴ മുതലക്കോടം പള്ളിയിൽ ആഘോഷിക്കുമെന്ന പോസ്റ്റടിച്ച് പ്രചരിപ്പിച്ച ബി.ജെ.പിയെ തള്ളി ഇടവക വികാരി. ഇടവക അറിയാതെയാണ് പോസ്റ്റർ അടിച്ചതെന്നും പള്ളിക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നും ഫാ.സെബാസ്റ്റ്യൻ ആരോലിച്ചാലിൽ പറഞ്ഞു.
ന്യൂനപക്ഷ മോർച്ച ഇടുക്കി നോർത്ത് ജില്ല അധ്യക്ഷൻ ജോയി കോയിക്കക്കുടിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ജന്മദിനം തൊടുപുഴ മുതലക്കോടം പള്ളിയിൽ ആഘോഷിക്കുമെന്നായിരുന്നു പോസ്റ്ററിൽ പറഞ്ഞിരുന്നത്. പള്ളിയിൽ കുർബാനയും കേക്ക് മുറിക്കലും ഉണ്ടാകുമെന്നും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, ന്യൂനപക്ഷ മോർച്ച ഉപാധ്യക്ഷൻ നോബിൾ മാത്യു എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്നാണ് പോസ്റ്ററിൽ പറഞ്ഞിരുന്നത്.
എന്നാൽ, രാഷ്ട്രീയ ലക്ഷ്യത്തിനോ ലാഭത്തിനോ വേണ്ടിയുള്ള കൂദാശകൾക്ക് ദേവാലയത്തെ ഉപയോഗിക്കരുതെന്നും ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റർ നിർമിച്ചതിനെ ശക്തമായി അപലപിക്കുന്നുവെന്നും വികാരി ഫാ.സെബാസ്റ്റ്യൻ ആരോലിച്ചാലിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അതേസമയം, പള്ളിയിൽ പണം കൊടുത്ത് കുർബാന ചൊല്ലിക്കാനും തിരികത്തിക്കാനുമുള്ള അവകാശം തങ്ങൾക്കുണ്ടെന്നും മറ്റൊരു ഉദ്ദേശ്യവും തങ്ങൾക്കില്ലെന്നും ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻറ് ജോയി കോയിക്കക്കുടി പ്രതികരിച്ചു.