താരിഫ് ആശങ്കൾക്കിടെ ട്രംപിന്റെ ഫോൺ കോളുകൾസ സംസാരിക്കാൻ തയ്യാറാകാതെ മോദി, റിപ്പോർട്ട്

വാഷിങ്ടൺ: താരിഫ് ഭീഷണികൾ ആശങ്ക ഉയർത്തുന്നതിനിടെ ഇന്ത്യൻ പ്രധാന മന്ത്രിക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ കോളുകളെത്തി. എന്നാൽ ട്രംപിന്റെ കോളുകളോട് പ്രതികരിക്കാൻ മോദി തയ്യാറായില്ലെന്നാണ് റിപ്പോർട്ടുകൾ. നാലു ഫോൺ കോളുകൾ വന്നിരുന്നെന്നും എന്നാൽ മോദി മറുപടി നൽകിയില്ലെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വ്യാപാരവുമായി ബന്ധപ്പെട്ട ട്രംപിന്റെ തന്ത്രങ്ങളിലും, നികുതി ഭീഷണികളിലും മറ്റു പല രാജ്യങ്ങളും പതറിപ്പോയിരുന്നു. എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ അതൊന്നും ഫലം കണ്ടില്ലെന്നും ഇന്ത്യ-യുഎസ് താരിഫ് തർക്കം വിശകലനം ചെയ്യുന്ന മാധ്യമ റിപ്പോർട്ടിൽ പറയുന്നു.
ട്രംപിന്റെ നികുതി ഭീഷണികളിലുള്ള ആശങ്കയോ നിലവിലെ സാഹചര്യങ്ങളിലെ ജാഗ്രതയോ ആകാം മോദിയുടെ ഇപ്പോഴത്തെ സമീപനത്തിന് കാരണമെന്നും ജർമൻ പത്രം ഫ്രാങ്ക്ഫർട്ടർ ആൽഗമൈനെ സെയ്തൂങിൽ പറയുന്നു. എന്നാൽ ഫോൺ കോളുകളുമായി ബന്ധപ്പെട്ട തീയതിയോ സമയമോ പോലുള്ള വിവരങ്ങളൊന്നും തന്നെ പത്രത്തിൽ പറയുന്നില്ല. 50% താരിഫ് ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ ചുമത്തിയ സമയത്താണ് പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാൻ പ്രസിഡൻ്റ് ട്രംപ് ശ്രമിച്ചതെന്നാണ് നിഗമനം.
യുഎസും വിയറ്റ്‌നാമും തമ്മിലുള്ള വ്യാപാര ഉടമ്പടിയിൽ ട്രംപ് നടത്തിയ പുനഃപരിശോധന പോലെ ഒരു പ്രതിസന്ധി നേരിടാൻ മോദി ആഗ്രഹിക്കുന്നില്ല. ഇന്ത്യയിലെ ട്രംപിന്റെ നിർമാണ പദ്ധതികളും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് പത്രം ചൂണ്ടിക്കാട്ടി. റിപ്പോർട്ടുകൾ പൂർണമായും ശരിയെന്ന് സമർഥിക്കാൻ മാത്രം തെളിവുകൾ ഇല്ലെങ്കിലും, വാർത്തകൾ പൂർണമായി തള്ളിക്കളയാനും നിലവിലെ സാഹചര്യത്തിൽ സാധിക്കില്ല