റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പ് നൽകിയെന്ന് ട്രംപ്; പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: റഷ്യയിൽ നിന്നും ഓയിൽ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ച് ഉറപ്പ് നൽകിയെന്നും ട്രംപ് പറയുന്നു.
വൈറ്റ് ഹൗസില്‍ നടന്ന ഒരു ചടങ്ങില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്. അതേസമയം ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ ഒരു വലിയ ചുവടുവയ്‌പ്പായിരിക്കുമതെന്നും ട്രംപ് പറയുന്നു. ‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി എനിക്ക് ഇന്ന് ഉറപ്പുനൽകി.
അതൊരു വലിയ ചുവടുവയ്‌പ്പാണ്. ഇനി ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും’ – ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് ഉടനടി എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ കഴിയില്ലെന്നും, എന്നാല്‍ അത് നടപ്പിലാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസിന്റെ വിശ്വസ്തനായ പങ്കാളിയാണെന്നും അദ്ദേഹം പറഞ്ഞു.
യുക്രെയ്‌നുമായുള്ള യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന്‍ റഷ്യന്‍ എണ്ണ മറ്റ് രാജ്യങ്ങള്‍ വാങ്ങുന്നത് തടയാന്‍ യു.എസ് ഇടപെട്ടിരുന്നു. എന്നാല്‍ ഇന്ത്യയും ചൈനയും റഷ്യയില്‍ നിന്ന് വന്‍തോതില്‍ ക്രൂഡോയില്‍ വാങ്ങുന്നത് യു.എസ് നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതില്‍ നിന്ന് തടയാന്‍ ഇന്ത്യയ്‌ക്കെതിരെ യു.എസ് തീരുവയും ചുമത്തിയിരുന്നു.