പി എം ആർഷോയും കെ വിദ്യയും വിവാഹിതരാകുന്നു, തിങ്കളാഴ്ച രജിസ്റ്റർ വിവാഹം

 
arsho

പാലക്കാട്: മുൻ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം നേതാവുമായ പി.എം. ആർഷോയും മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തിങ്കളാഴ്ച തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് ഇരുവരുടെയും രജിസ്റ്റർ വിവാഹം നടക്കുക.

നിലവിൽ സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ് കാഞ്ഞിരപ്പുഴ സ്വദേശിയായ പി.എം. ആർഷോ. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളും നിലപാടുകളും പലപ്പോഴും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. പാർട്ടിയിലെ ഉന്നത ഇടതുനേതാക്കൾ തന്നെ പരസ്യമായി അദ്ദേഹത്തെ തള്ളിപ്പറയുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. 

എറണാകുളം മഹാരാജാസ് കോളേജിലെ ആർക്കിയോളജി പി.ജി വിദ്യാർത്ഥിയായിരുന്ന ആർഷോ പിന്നീട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ദീർഘനാൾ കോളേജിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് പുറത്താക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് കാട്ടി കോളേജ് പ്രിൻസിപ്പൽ ആർഷോയുടെ പിതാവിന് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറാം സെമസ്റ്ററിന് ശേഷമുള്ള 'എക്സിറ്റ് ഓപ്ഷൻ' സ്വീകരിച്ച് പഠനം നിർത്തുകയാണെന്ന് ആർഷോ ഇ-മെയിൽ വഴി അധികൃതരെ അറിയിച്ചത്.

കാസർകോട് സ്വദേശിയായ കെ. വിദ്യ കോളേജ് അധ്യാപക നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ചമച്ചെന്ന കേസിൽ പ്രതിയായതോടെയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കിയെന്ന കേസ് അക്കാലത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് മുൻ ക്യാമ്പസ് രാഷ്ട്രീയ നേതാക്കൾ കൂടിയായ ഇരുവരും വിവാഹിതരാകാൻ ഒരുങ്ങുന്നത്.

Tags

Share this story

From Around the Web