പിണ്ഡോദരി മോളെ...നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ അന്ന് നീ വിഷമിക്കും, നടി സ്‌നേഹയ്‌ക്കെതിരെ അധിക്ഷേപങ്ങളുമായി സത്യഭാമ
കൊച്ചി: സീരിയൽ - സിനിമ നടി സ്നേഹ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കലാണ്ഡലം സത്യഭാമ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നടിയ്‌ക്കെതിരായ ദേഹനിന്ദാപരമായ പരാമർശങ്ങൾ. സ്നേഹയുടെ കുടുംബത്തേയും വീഡിയോയിൽ അധിക്ഷേപിക്കുന്നുണ്ട്.
നേരത്തെ, നർത്തകൻ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയതിന് സത്യഭാമ വിമർശനം നേരിട്ടിരുന്നു. ഈ വിഷയത്തിൽ സത്യഭാമയെ വിമർശിച്ച സ്നേഹയ്ക്ക് മറുപടിയായിട്ടാണ് അധിക്ഷേപ പരാമർശങ്ങൾ നിറഞ്ഞ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
"പിണ്ഡോദരി മോളെ" എന്നാണ് വീഡിയോയിൽ സ്നേഹയെ സത്യഭാമ അഭിസംബോധന ചെയ്യുന്നത്. തുടർന്നങ്ങോട്ട് നടിയുടെ ഭർത്താവും നടനുമായ ശ്രീകുമാർ കേസിൽപ്പെട്ടതുൾപ്പെടെ ചൂണ്ടിക്കാട്ടി അധിക്ഷേപ വർഷം തന്നെയാണ്.
"പിണ്ഡോദരി മോളെ നിന്നെ ഏതേലും പൊതുവേദിയിൽ വച്ച് ഞാൻ കാണും. അന്നു നീ നിന്റെ ഭർത്താവ് പെണ്ണ് കേസിൽ പെട്ടതിനേക്കാൾ കൂടുതൽ വിഷമിക്കും. എനിക്ക് എതിരെ നീ ഇട്ട വീഡിയോ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്. തൽക്കാലം ഇത് ഇരിക്കട്ടെ." വീഡിയോ പങ്കുവച്ച് സത്യഭാമ കുറിച്ചു.
"കലാമണ്ഡലത്തിൽ ഓട്ടം തുള്ളൽ പഠിച്ച ഒരുത്തി. ഇവൾ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാൻ പിന്നീടാണ് അത് അറിഞ്ഞത്. നിങ്ങൾക്ക് അറിയാൻ വേണ്ടി പറയാം, ചാനലിൽ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയിൽ അഭിനയിക്കുന്ന സ്ത്രീയാണ്. വളരെ നല്ല രീതിയിൽ പോകുന്ന ഒരു പരിപാടിയാണ് അത്.
മണികണ്ഠൻ, നിയാസ്, ഉണ്ണി തുടങ്ങിയ അസാധ്യ കലാകാരന്മാർ ഒക്കെ അതിലുണ്ട്. അതിനകത്താണ് ഞാൻ പറയുന്ന ഈ കക്ഷി, എനിക്കെതിരെ പോസ്റ്റ് ഇട്ടവൾ ഉള്ളത്. അവളെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ഊത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി.
ഇവൾ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. അതായത്, ഈ സ്ത്രീ എന്റെ കേസിൽ എതിർ കക്ഷിയായ ആളുടെ കൂടെ നൃത്തം കളിക്കാമോ എന്ന്. എന്താടി എനിക്ക് കളിക്കാൻ പറ്റാത്തത് ? ഞാൻ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനക്ക് ഡാൻസ് ഇന്റർവ്യൂവിനു ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളൽ എടുത്തത്.
നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളൽ ആണോ തുള്ളുന്നത്, ആദ്യം നീ പഠിച്ച തൊഴിൽ കൈകാര്യം ചെയ്യ്, എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ. നീ ജനിക്കുന്നതിന് മുൻപ് ചായം തേച്ച് ഇറങ്ങിയതാണ് ഞാൻ.
നീ സ്ത്രീ എന്ന് വിളിക്കാൻ ഞാൻ പുരുഷൻ ആണെന്ന് പറഞ്ഞ് പാന്റും ഷർട്ടും ഇട്ടു നടന്നോ? നീ പോയി കേസ് കൊടുക്ക് അപ്പോൾ ഞാൻ ഫോണിലെ തെളിവുകളുമായി നിന്റെ പിറകെ വരാം. നീ പഠിച്ചത് നീ ഒന്ന് കളിച്ചേ. എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോഴാണ് അറിഞ്ഞത് നീ തുള്ളൽ ആണ് പഠിച്ചതെന്ന്. തുള്ളൽ നല്ല ഒരു കലയാണ് അത് സമ്മതിച്ചു.
നീ ആദ്യം അത് തുള്ള്. നീ കഞ്ഞികുടിച്ചു ജീവിക്കാൻ അല്ലേ ‘മറിമായ’ത്തിൽ പോയത്. നീ വലിയ ആർട്ടിസ്റ്റ് ആണെന്നാണോ വിചാരം. എന്നോട് നീ പറഞ്ഞില്ലേ കളിക്കാൻ, നിനക്ക് ഇപ്പോൾ എന്റെ കളി കാണണോ. ഞാൻ അന്തസായി എന്റെ തൊഴിൽ ആണ് ചെയ്തു ജീവിക്കുന്നത്," വീഡിയോയിൽ സത്യഭാമ പറയുന്നു.