പിണറായിയുടെ ശൈലി തിരിച്ചടിയായി, പുതുതലമുറയ്ക്ക് വഴിയൊരുക്കണമായിരുന്നു, സിപിഎം ജില്ലാ കമ്മിറ്റികളിൽ രൂക്ഷവിമർശനം
 

 
PINARAY 929929333

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി നേതൃത്വത്തിനുമെതിരെ കടുത്ത വിമർശനം. കൊല്ലം, കണ്ണൂർ, കോഴിക്കോട് ജില്ലാ കമ്മിറ്റികളിലാണ് പാർട്ടി അണികളുടെയും ജനങ്ങളുടെയും വികാരം പ്രതിഫലിപ്പിക്കുന്ന രീതിയിൽ മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തുവന്നത്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമല്ല, മറിച്ച് പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ശൈലിയാണ് തിരിച്ചടിക്ക് കാരണമായതെന്നാണ് കമ്മിറ്റികളുടെ പൊതുവിലയിരുത്തൽ.

കൊല്ലം ജില്ലാ യോഗത്തിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തതിനെതിരെ വരെ വിമർശനമുയർന്നു. പിണറായി വിജയൻ പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നില്ലെന്നും, തോൽവിക്ക് പിന്നാലെ പുതുതലമുറയ്ക്ക് വഴിയൊരുക്കണമായിരുന്നുവെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ "വീട്ടിൽ പോയി ചോദിക്ക്", "ഡാഷ് മോനെ" തുടങ്ങിയ പ്രയോഗങ്ങൾ ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കി. മുഖ്യമന്ത്രിക്ക് എതിരായ വോട്ട് എല്ലാ മേഖലകളിലും പ്രകടമായിരുന്നു.

പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകിയതെന്നും വിമർശനമുയർന്നു. എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിലും നേതൃത്വത്തിന് നേരെ കടുത്ത കടന്നാക്രമണമാണ് ഉണ്ടായത്. പാർട്ടിയുടെ ഉരുക്കുകോട്ടകളിൽ ഉണ്ടായ വോട്ട് ചോർച്ച യോഗത്തിൽ ഗൗരവമായി ചർച്ച ചെയ്തു.

താൻ മാറില്ല എന്ന് ബോധ്യപ്പെടുത്തുന്ന രീതിയിലായിരുന്നു പിണറായി വിജയൻ തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളോട് പെരുമാറിയത്. "വീട്ടിൽ പോയി ചോദിക്ക്" എന്ന പരാമർശം കേട്ടില്ലെന്ന് വെച്ചിരുന്നെങ്കിൽ പാർട്ടിക്ക് ഇത്രയും വലിയ ദോഷം ചെയ്യില്ലായിരുന്നു. പയ്യന്നൂരിലും തളിപ്പറമ്പിലും നേതൃത്വത്തിനുണ്ടായ അമിത ആത്മവിശ്വാസം തിരിച്ചടിയായി. അടിയൊഴുക്കുകൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. വി. കുഞ്ഞികൃഷ്ണനെ പാർട്ടി ചെറുതായി കണ്ടു. 

പാർട്ടി നേതൃത്വം സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്ന അവസ്ഥയാണ്. ആന്തൂർ, മലപ്പട്ടം, മയ്യിൽ തുടങ്ങിയ ശക്തമായ പാർട്ടി ഗ്രാമങ്ങളിൽ കണ്ടത് ഇതാണെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. 

Tags

Share this story

From Around the Web