പിണറായി വിജയന്റെ Z+ സുരക്ഷ ഒഴിവാക്കി, ഇനി വൈ കാറ്റഗറി മാത്രം, വിവാദ ഗൺമാൻ സന്ദീപിനെ സുരക്ഷാ ചുമതലയിൽ നിന്ന് മാറ്റി

 
pinaray

തിരുവനന്തപുരം: ഭരണമാറ്റത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് നൽകിയിരുന്ന അതീവ സുരക്ഷയായ Z+ കാറ്റഗറി ഒഴുവാക്കി. മുൻ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ പരിഗണനകൾ മുൻനിർത്തി ഇനി മുതൽ 'Y' കാറ്റഗറി സുരക്ഷ മാത്രമായിരിക്കും അദ്ദേഹത്തിന് അനുവദിക്കുക. 

സുരക്ഷാ ക്രമീകരണങ്ങളിൽ വലിയ വെട്ടിക്കുറയ്ക്കലുകൾ വരുത്തിയതോടെ ഔദ്യോഗിക ഗൺമാൻമാരെ സുരക്ഷാ വ്യൂഹത്തിൽ നിന്ന് പൂർണ്ണമായി ഒഴിവാക്കി. പകരം രണ്ട് പി.എസ്.ഒ മാർക്ക് ചുമതല നൽകിയിട്ടുണ്ട്.

യാത്രകളിൽ അകമ്പടി സേവിച്ചിരുന്ന എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം തുടർന്നും കൂടെയുണ്ടാകും. തിരുവനന്തപുരത്തെ വസതിയിലെ പോലീസ് സുരക്ഷ തുടരും. ഈ സുരക്ഷ വർദ്ധിപ്പിക്കണോ എന്ന കാര്യം ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ കമ്മിറ്റിയുടെ തീരുമാനത്തിന് വിട്ടു.

അതിനിടെ, നവകേരള യാത്രയ്ക്കിടെ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപിനെ പിണറായി വിജയന്റെ സുരക്ഷാ ചുമതലയിൽ നിന്ന് ഒഴിവാക്കി. മുഖ്യമന്ത്രിയായിരിക്കെ നൽകിയ അതിസുരക്ഷ പൂർണ്ണമായി പിൻവലിച്ചതോടെ സന്ദീപ് തിരികെ പോലീസ് വകുപ്പിലേക്ക് മടങ്ങി. എന്നാൽ ഇതേ കേസിലെ മറ്റൊരു പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ ഇപ്പോഴും പിണറായി വിജയന്റെ സുരക്ഷാ സംഘത്തിൽ തുടരുന്നുണ്ട്.

2023 ഡിസംബർ 15-നായിരുന്നു ആലപ്പുഴയിൽ വെച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ വടികൊണ്ട് തല്ലിയത്. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഈ കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന എ.പി. ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഭവത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കേസിലെ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്ന നടപടികൾ അന്വേഷണ സംഘം ഇന്ന് മുതൽ ആരംഭിക്കും.

Tags

Share this story

From Around the Web