സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുതിയ കുരിശിന്റെ വഴിയുടെ ചിത്രങ്ങള്‍

 
222

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ സമർപ്പണത്തിന്റെ 400-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കുരിശിന്റെ വഴിയുടെ 14 പുതിയ ഛായ ചിത്രങ്ങള്‍ സ്ഥാപിച്ചു. സ്വിസ് ചിത്രകാരൻ മാനുവൽ ഡൂർ വരച്ച ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്. 2023 ഡിസംബര്‍ മാസം മുതല്‍ നടത്തിയ അന്താരാഷ്ട്ര മത്സരത്തിന് ശേഷമാണ് ഈ ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. 80 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം ചിത്രകാരന്മാര്‍ കുരിശിന്റെ വഴിയുടെ ചിത്രങ്ങള്‍ സമര്‍പ്പിച്ചിരിന്നു.

ഇവയില്‍ നിന്നാണ് കലാ ചരിത്രകാരന്മാരുടെയും ആരാധനാക്രമ വിദഗ്ധരുടെയും വത്തിക്കാൻ കമ്മീഷൻ 36 വയസ്സുള്ള ഡൂറിന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. 120,000 യൂറോയാണ് ($141,390) സമ്മാനതുക. 326-ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ ഉത്തരവനുസരിച്ച് അപ്പോസ്തലനായ പത്രോസിന്റെ ശവകുടീരത്തിന് മുകളിൽ ആദ്യമായി നിർമ്മിച്ച ബസിലിക്ക 12 നൂറ്റാണ്ടുകൾ നിലനിന്നിരിന്നു. 1506-ൽ, ജൂലിയസ് രണ്ടാമൻ പാപ്പ പുതിയ ദേവാലയം സ്ഥാപിക്കുന്നതിനായി പൊളിച്ചുമാറ്റാൻ ഉത്തരവിട്ടു. ഇന്ന് അറിയപ്പെടുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്ക 1626 നവംബർ 18-ന് ഉർബൻ എട്ടാമൻ പാപ്പ സമർപ്പിച്ചു.

മൈക്കലാഞ്ചലോ, ഗിയാൻ ലോറെൻസോ ബെർണിനി, കാർലോ മഡെർനോ എന്നിവരുൾപ്പെടെയുള്ള കലാകാരന്മാരുടെയും വാസ്തുശില്പികളുടെയും കഴിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ദേവാലയത്തിന്റെ ആന്തരികഘടനയ്ക്കു രൂപം നല്‍കിയത്. ഇവയുടെ ഗണത്തിലേക്കാണ് പുതിയ ചിത്രങ്ങളും ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കോടിക്കണക്കിന് ആളുകൾക്ക് ബന്ധമുള്ള യേശുവിനെ വരയ്ക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിന്നുവെന്നും ശ്രമകരമായ കാര്യമാണ് നടത്തിയതെന്നും ചിത്രകാരനായ മാനുവൽ ഡൂർ പറഞ്ഞു. ഈശോയുടെ വിചാരണ മുതൽ സംസ്കാരം വരെയുള്ള കര്‍ത്താവിന്റെ അവസാന നിമിഷങ്ങളെ കേന്ദ്രമാക്കി പുതുതായി സ്ഥാപിക്കപ്പെട്ട 14 എണ്ണഛായ ചിത്രങ്ങളിൽ ഓരോന്നിനും 51 x 51 ഇഞ്ച് വലിപ്പമുണ്ട്.
 

Tags

Share this story

From Around the Web