റോമിലുടനീളം പതിവ് പരസ്യങ്ങൾക്കു പകരം ലെയോ പാപ്പയുടെ ചിത്രങ്ങളും വാക്കുകളും
റോമിലുടനീളമുള്ള കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിൽ, യാത്രാപാക്കേജുകളുടെയും അവധിക്കാല മധുരപലഹാരങ്ങളുടെയും പതിവ് പരസ്യങ്ങൾക്കു പകരം ലെയോ പതിനാലാമൻ മാർപാപ്പയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. അനേകം ദിവസങ്ങളായി, ഈ ചിത്രങ്ങൾ റോമിലുടനീളമുള്ള വലിയ സ്‌ക്രീനുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ലെയോ പാപ്പയുടെ പ്രസംഗങ്ങളിൽ നിന്നെടുത്ത ഫോട്ടോഗ്രാഫുകളും വാക്കുകളും ഈ പ്രദർശനങ്ങളിൽ ഉൾപ്പെടുന്നു. ക്രിസ്തുമസ് സീസണിനായുള്ള സന്ദേശങ്ങളും പ്രത്യാശയിലേക്കുള്ള ക്ഷണവും ഇത് വാഗ്ദാനം ചെയ്യുന്നു. വിശ്വാസികളോടും ജൂബിലി തീർഥാടകരുമൊത്തുള്ള മാർപാപ്പയുടെ ചിത്രങ്ങളോടൊപ്പം പ്രദർശിപ്പിച്ചിരിക്കുന്ന സന്ദേശങ്ങൾ വായിക്കാൻ വഴിയാത്രക്കാർ പലപ്പോഴും തങ്ങളുടെ വാഹനങ്ങൾ നിർത്താറുണ്ട്.
സെൽഫിസ്ട്രീറ്റുമായി സഹകരിച്ച് ഡിക്കാസ്റ്ററി ഫോർ കമ്മ്യൂണിക്കേഷൻ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് സംരംഭത്തിന്റെ ഭാഗമായി വത്തിക്കാനിലെ വലിയ സ്‌ക്രീനുകളിൽ ലെയോ പതിനാലാമൻ മാർപാപ്പയുടെ ഫോട്ടോകളും സന്ദേശങ്ങളും പ്രദർശിപ്പിക്കും. ഡിസംബർ 31 വരെ നീണ്ടുനിൽക്കുന്ന ഈ സംരംഭം സോഷ്യൽ മീഡിയയിലും വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.