നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെയുള്ള പീഡനങ്ങൾ രൂക്ഷം: മൂന്ന് വൈദികാർഥികളെ തട്ടിക്കൊണ്ടുപോയി, സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

നൈജീരിയയിലെ ഔച്ചി കത്തോലിക്കാ രൂപതയുടെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ മൈനർ സെമിനാരിയിൽ ആയുധധാരികളായ നിരവധിപ്പേർ ചേർന്ന് ആക്രമണം നടത്തി. ജൂലൈ 10 വ്യാഴാഴ്ച രാത്രി നടന്ന സംഭവത്തിൽ സെമിനാരിയിലെ സുരക്ഷാ ജീവനക്കാരനായ ക്രിസ്റ്റഫർ അവെനെഗീം കൊല്ലപ്പെട്ടു. മൂന്ന് വൈദികാർഥികളെ തട്ടിക്കൊണ്ടുപോയി.
ജൂലൈ 11 വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, നൈജീരിയൻ എപ്പിസ്കോപ്പൽ സീയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തി.
“എഡോ സ്റ്റേറ്റിലെ എറ്റ്സാക്കോ ഈസ്റ്റ് ലോക്കൽ ഗവൺമെന്റ് ഏരിയ (എൽ ജി എ)യിലെ ഇവിയാനോക്പോഡിയിൽ സ്ഥിതി ചെയ്യുന്ന കത്തോലിക്കാ സ്ഥാപനത്തിന് നേരെ രാത്രി ഒമ്പതുമണിക്ക് ആയുധധാരികളായ നിരവധിപ്പേർ ചേർന്നാണ് ആക്രമണം നടത്തിയത്.
ഈ ആക്രമണത്തിൽ, സെമിനാരിയിൽ നിലയുറപ്പിച്ചിരുന്ന നൈജീരിയൻ സിവിൽ ഡിഫൻസ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ക്രിസ്റ്റഫർ അവെനെഗീം കൊല്ലപ്പെടുകയും മൂന്ന് മൈനർ സെമിനാരി വിദ്യാർഥികൾ തട്ടിക്കൊണ്ടുപോകപ്പെടുകയും ചെയ്തു” – ഫാ. പീറ്റർ എഗിയേലവ പ്രസ്താവനയിൽ പറയുന്നു.
സെമിനാരിക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികൾ കർശനമാക്കുന്നതുവരെ സുരക്ഷിത മേഖലയിലേക്ക് മറ്റ് സെമിനാരിക്കാരെ മാറ്റിപ്പാർപ്പിച്ചു. തട്ടിക്കൊണ്ടുപോകവരെ സംബന്ധിച്ച് ഒരു ആശയവിനിമയവും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ഓച്ചി രൂപതയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ പറയുന്നു.
ഓച്ചി രൂപതയുടെ പ്രാദേശിക ഓർഡിനറി ആക്രമണത്തെ അപലപിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തുക്കളും സുരക്ഷിതമാക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സുരക്ഷാ ഏജൻസികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.