ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ രാജ്യത്തു അരങ്ങേറുന്ന പീഡനം ആശങ്കപ്പെടുത്തുന്നു: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

 
mar raphel

കൊച്ചി: ഏതൊരു ഇന്ത്യൻ പൗരനും അവന് ഇഷ്‌ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ ഭരണഘടന ഉറപ്പുനൽകുമ്പോഴും ഭാരതത്തിലെ ക്രൈസ്‌തവർ രാജ്യത്തിന്റെ പലയിടങ്ങളിൽ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ഒരിക്കൽക്കൂടി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന ഒന്നാണെന്നു സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ.

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മുറിവുകളുണ്ടാകാതിരിക്കാനും മതസൗഹാർദം നഷ്‌ടപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാജ്യത്തി ന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.

മതത്തിന്റെ പേരിൽ വെട്ടിമുറിവേല്‌പിക്കപ്പെട്ട ഒരു രാജ്യംകൂടിയാണ് നമ്മുടേത് എന്ന കാര്യവും മറക്കാതിരിക്കാം. രാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധ അമ്മയുടെ സ്വർഗാരോപണവും ഒരേദിവസം ആചരിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്ന അപൂർവം ജനതകളിലൊന്നാണു നമ്മൾ. അക്കാര്യത്തിൽ നമുക്ക് അഭിമാനിക്കാം. പരിശുദ്ധ കന്യാമറിയം മരണശേഷം ശരീരത്തോടും ആത്മാവോടുംകൂടി സ്വർഗത്തിലേക്ക് എടുക്കപ്പെട്ടുവെന്നതാണ് സ്വർഗാരോപണത്തിരുനാളിലൂടെ നാം വിശ്വസിക്കുന്നത്.

കത്തോലിക്ക സഭയുടെ വിശ്വാസസത്യത്തിന്റെ ഭാഗമാണത്. കത്തോലിക്കാ സഭ മുറുകെപ്പിടിക്കുന്ന നാലു വിശ്വാസസത്യങ്ങളിലൊന്നാണ് മാതാവിന്റെ സ്വർഗാരോപണം.

സ്വർഗത്തിലെത്തിച്ചേരാനും മറ്റുള്ളവരെ സ്വർഗത്തിലെത്തിക്കാനുമുള്ള പ്രചോദനവും പ്രേരണയുമായി നമ്മുടെ ആത്മീയജീവിതത്തിൽ പരിശുദ്ധ മറിയം നിലയുറപ്പിക്കട്ടെ. ആത്മീയസ്വാതന്ത്ര്യത്തിൻ്റെ വലിയ വിശാലതയി ലേക്ക് അമ്മ നമ്മെ നയിക്കട്ടെയെന്നും മാർ തട്ടിൽ പ്രസ്താവിച്ചു.

Tags

Share this story

From Around the Web