പെരിയ ഇരട്ടക്കൊല കേസ്: പ്രതികൾക്ക് തുടർച്ചയായി പരോള്‍, സിപിഐഎം നേതാക്കളുടെ ശുപാർശ പ്രകാരമെന്ന് ആരോപിച്ച് കോൺഗ്രസ്

കാസർഗോഡ്: പെരിയ ഇരട്ടക്കൊല കേസില്‍ ശിക്ഷാവിധി വന്ന് ഒരു വർഷം തികയും മുന്‍പ് പ്രതികൾക്ക് തുടർച്ചയായി പരോള്‍ നൽകുന്നതിൽ ആരോപണം ഉന്നയിച്ച് കോൺഗ്രസ്. സിപിഐഎം നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് ജയിൽ ഉപദേശക സമിതിയിലുള്ളത്. ഇവരുടെ ശുപാർശ പ്രകാരമാണ് ഒരു വർഷം തികയും മുമ്പ് പ്രതികൾക്ക് പരോൾ ലഭിക്കുന്നതെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ ഇരട്ടകൊലപാതക കേസിൽ സിബിഐ കോടതി ശിക്ഷ വിധിച്ച 10 പേരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. ഇതിൽ 9 പേർക്കും ഇതിനോടകം പരോൾ അനുവദിച്ചു. കേസിലെ 15-ാം പ്രതിയും കല്യോട്ട് സ്വദേശിയുമായ സുര എന്ന വിഷ്‌ണു സുരേന്ദ്രനാണ് അവസാനമായി പരോൾ അനുവദിച്ചത്.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോൾ അനുവദിച്ചത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിലാണ് പരോൾ കാലത്ത് വിഷ്‌ണുസുര താമസിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. കേസിലെ ഒന്നാം പ്രതിയായ പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്ത്, സജു എന്നിവരും പരോളിലാണ്. ഇതോടെ 10 ൽ 7 പേരും ജയിലിന് പുറത്താണ് ഉള്ളത്.