“സമാധാനം അടിയന്തരമായി ആവശ്യമാണ്”: ഉക്രൈൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തിൽ ലെയോ പാപ്പ

 
leo

ഉക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് നാല് വർഷം തികയുന്ന വേളയിൽ, യുദ്ധം അവസാനിപ്പിക്കാൻ അടിയന്തരമായി സമാധാനശ്രമങ്ങൾ നടത്തണമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ ആവശ്യപ്പെട്ടു. ഫെബ്രുവരി 22 ഞായറാഴ്ച വത്തിക്കാനിൽ ആഞ്ചലൂസ് പ്രാർഥനയ്ക്കു ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ.

“യുദ്ധം മനുഷ്യരാശിയുടെമേൽ ഏൽപിക്കപ്പെട്ട ഒരു മുറിവാണ്. സമാധാനം എന്നത് വച്ചുതാമസിപ്പിക്കാൻ പറ്റാത്ത ഒരു അത്യാവശ്യമാണ്. അത് ഭരണാധികാരികളുടെ ഉത്തരവാദിത്വപരമായ തീരുമാനങ്ങളിലൂടെ നടപ്പിലാക്കണം. കഴിഞ്ഞ നാലുവർഷമായി തുടരുന്ന ഈ പോരാട്ടം ലോകത്തിനു മുന്നിൽ വലിയ നാശനഷ്ടങ്ങളും തീരാവേദനയുമാണ് സൃഷ്ടിക്കുന്നത്” – പാപ്പ വെളിപ്പെടുത്തി. അനേകം കുടുംബങ്ങൾ ചിതറിപ്പോയെന്നും വരുംതലമുറകളെപ്പോലും വേട്ടയാടുന്ന വേദനയാണ് ഈ യുദ്ധം അവശേഷിപ്പിക്കുന്നതെന്നും പാപ്പ ദുഃഖത്തോടെ ഓർമ്മിപ്പിച്ചു.

അതേസമയം, ആയുധങ്ങൾ നിശ്ശബ്ദമാകണമെന്നും ബോംബാക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ഒരു നിമിഷംപോലും വൈകാതെ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ബന്ധപ്പെട്ട കക്ഷികളോട് പാപ്പ അഭ്യർഥിച്ചു. സമാധാനത്തിലേക്കുള്ള പാത തുറക്കാൻ ചർച്ചകൾ കൂടുതൽ ശക്തമാക്കണം. ഇതിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണയും ഇടപെടലും അത്യാവശ്യമാണെന്നും പാപ്പ വ്യക്തമാക്കി.

ഉക്രൈനിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധം മൂലം കഷ്ടപ്പെടുന്നവർക്കും വേണ്ടി പ്രാർഥിക്കാൻ പാപ്പ ലോകമെമ്പാടുമുള്ള വിശ്വാസികളോട് ആവശ്യപ്പെട്ടു. അതിശൈത്യവും തുടർച്ചയായ ബോംബാക്രമണങ്ങളും ഉക്രൈനിലെ സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കുന്നതിൽ മാർപാപ്പ വലിയ ആശങ്ക പ്രകടിപ്പിച്ചു.

Tags

Share this story

From Around the Web