സമാധാനശ്രമങ്ങൾ എക്കാലത്തെക്കാളും അത്യാവശ്യമാണ്: ലെയോ പതിനാലാമൻ പാപ്പ

യുദ്ധത്തിന്റെ അക്രമം വർധിച്ചുവരുന്ന ഒരു ലോകത്ത് സമാധാനസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ അടിയന്തിരാവസ്ഥയെ ചൂണ്ടിക്കാണിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
കത്തോലിക്ക സഭയുടെ പഠിപ്പിക്കലിൽ വേരൂന്നിയ ഗുണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു ആഗോള കത്തോലിക്കാ സമാധാന പ്രസ്ഥാനമാണ്, ക്രിസ്തുവിന്റെ സമാധാനം’ എന്ന് അർഥം വരുന്ന പാക്സ് ക്രിസ്റ്റി സംഘടന. ഇതിന്റെ ദേശീയ അസംബ്ലിയിൽ പങ്കെടുക്കുന്നവർക്കായുള്ള സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം സൂചിപ്പിച്ചത്.
“വ്യാപകമായ സായുധ സംഘർഷം, ജനങ്ങൾക്കിടയിലുള്ള വിഭജനം, നിർബന്ധിത കുടിയേറ്റമുയർത്തുന്ന വെല്ലുവിളികൾ എന്നിവയുൾപ്പെടെ നമ്മുടെ ലോകം നിലവിൽ നേരിടുന്ന നിരവധി വെല്ലുവിളികൾക്കിടയി, അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ എക്കാലത്തെക്കാളും ആവശ്യമാണ്” – മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. “ദൈനംദിന ജീവിതത്തിൽ സമാധാനത്തിന്റെ സൃഷ്ടാക്കളാകാൻ യേശു തന്റെ അനുയായികളെ ലോകത്തിലേക്ക് അയച്ചുകൊണ്ടിരിക്കുന്നു. ഇടവകകളിലും, അയൽപക്കങ്ങളിലും, പ്രത്യേകിച്ച് പ്രാന്തപ്രദേശങ്ങളിലും അനുരഞ്ജനത്തിനു പ്രാപ്തിയുള്ള ഒരു സഭയുടെ സാന്നിധ്യവും ദൃശ്യതയും അതിലും പ്രധാനമാണ്” – പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
അമേരിക്കയിലെ പാക്സ് ക്രിസ്റ്റിയുടെ എല്ലാ അംഗങ്ങളെയും അവരുടെ സമൂഹങ്ങളെയും സമാധാന ഭവനങ്ങളാക്കി മാറ്റാൻ ദേശീയ അസംബ്ലി പ്രചോദനം നൽകട്ടെ എന്ന് പ്രാർഥിക്കുന്നതായും പാപ്പ പറഞ്ഞു.
“ഇങ്ങനെ, സഹോദരീസഹോദരന്മാരുമായി സമാധാനത്തിൽ ജീവിക്കാനുള്ള വി. പൗലോസിന്റെ ക്ഷണം സ്വീകരിക്കാൻ കൂടുതൽ ആളുകളെ നിങ്ങൾ അനുവദിക്കും” എന്ന് പരിശുദ്ധ പിതാവ് തന്റെ അപ്പസ്തോലിക ആശീർവാദം കൊണ്ട് ഉപസംഹരിച്ചു.