ഇറാനുമായുള്ള സമാധാനക്കരാർ അവസാന ഘട്ടത്തിൽ; ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന ട്രംപ്

 
trump

ഇറാനുമായി സമാധാനക്കരാർ ഏതാണ്ട് പൂർത്തിയായതായും മേഖലയിലെ നിർണായക കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. പാക്കിസ്ഥാൻ മധ്യസ്ഥൻ, ഗൾഫ് സഖ്യകക്ഷികൾ, ഇസ്രായേൽ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാന് നേരെ ആരംഭിച്ച യുദ്ധത്തിന് അന്ത്യമാകുമെന്ന പ്രതീക്ഷകൾ ശക്തമായി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ‘ധാരണാപത്രത്തിന്റെ’ അവസാനവട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നതെന്നും ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. അമേരിക്ക, ഇറാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ ചരിത്ര കരാർ.

“ഒരു കരാർ ഏതാണ്ട് പൂർണ്ണമായും ചർച്ച ചെയ്ത് കഴിഞ്ഞിരിക്കുന്നു. അമേരിക്കയും ഇറാനും മറ്റ് പങ്കാളിത്ത രാജ്യങ്ങളും തമ്മിലുള്ള അവസാനവട്ട അംഗീകാരങ്ങൾക്ക് മാത്രമാണ് ഇനി ഇത് വിധേയമാവുക. കരാറിന്റെ അന്തിമ വശങ്ങളും വിശദാംശങ്ങളും ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇത് ഉടൻ പ്രഖ്യാപിക്കും,” ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു. ഇതിന് പുറമെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും താൻ ഫോണിൽ സംസാരിച്ചതായും ചർച്ചകൾ വളരെ പോസിറ്റീവായിരുന്നുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Tags

Share this story

From Around the Web