ആഫ്രിക്കയിൽ സമാധാനവും സാഹോദര്യവും പുലരണം: ലെയോ പതിനാലാമൻ മാർപാപ്പ
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ക്രിസ്ത്യൻ – മുസ്ലീം വിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾ ലഘൂകരിക്കാനും ശാശ്വത സമാധാനം കെട്ടിപ്പടുക്കാനും ലെയോ മാർപാപ്പ ആഹ്വാനം ചെയ്തു. സെനഗലിലെ മുസ്ലീം സമുദായ നേതാക്കളുമായും ജനപ്രതിനിധികളുമായും വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പാ ഈ ആഗ്രഹം പ്രകടിപ്പിച്ചത്.
വിവിധ മതവിഭാഗങ്ങൾ പരസ്പര ബഹുമാനത്തോടെയും ഐക്യത്തോടെയും കഴിയുന്ന സെനഗൽ ആതിഥ്യമര്യാദയുടെയും ഐക്യദാർഢ്യത്തിന്റെയും പ്രതീകമാണെന്ന് മാർപാപ്പ പറഞ്ഞു. ഈ സാഹോദര്യം ലോകം മുഴുവനും മാതൃകയാക്കാവുന്ന വിലയേറിയ സമ്പത്താണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.
മതം, വർഗം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെയും പീഡനങ്ങളെയും ശക്തമായി അപലപിക്കാൻ വിശ്വാസികൾക്ക് ബാധ്യതയുണ്ടെന്ന് മാർപാപ്പ പറഞ്ഞു. രാഷ്ട്രീയമോ സൈനികമോ ആയ ആവശ്യങ്ങൾക്കായി ദൈവനാമത്തെ ദുരുപയോഗം ചെയ്യുന്നത് നിർത്തലാക്കണമെന്നും പാപ്പ ആഹ്വാനം ചെയ്തു.
ജോൺ പോൾ രണ്ടാമൻ ഫൗണ്ടേഷൻ ഫോർ സഹേൽ ( John Paul II Foundation for the Sahel) അംഗങ്ങളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തി. പട്ടിണിയും മരുഭൂമീകരണവും നേരിടുന്ന ആഫ്രിക്കൻ മേഖലകളിൽ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങളെ പാപ്പാ അഭിനന്ദിച്ചു. വ്യത്യസ്തതകളെ ഭയപ്പെടാതെ പരസ്പരം കേൾക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നതിലൂടെ മാത്രമേ സംഘർഷങ്ങൾക്ക് അറുതി വരുത്താൻ സാധിക്കൂ എന്ന് ഓർമ്മിപ്പിച്ചാണ് മാർപാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.