വീണാ ജോർജ് മണ്ഡലത്തിൽ കാലു കുത്തില്ലെന്ന് പഴകുളം മധു; പഴകുളം മധു വീടിന്റെ പുറത്തിറങ്ങണമോ എന്ന് അടൂരിലെ പാർട്ടി തീരുമാനിക്കും എന്ന് സിപിഎം. പത്തനംതിട്ടയിൽ സിപിഐഎം - കോൺഗ്രസ് പോര് രൂക്ഷം

പത്തനംതിട്ടയിൽ CPIM- കോൺഗ്രസ് പോര് തുടരുന്നു.. ആരോഗ്യമന്ത്രി വീണ ജോർജിനെ മണ്ഡലത്തിൽ കാലുകുത്തിക്കില്ലെന്ന് KPCC ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞപ്പോൾ, മധു വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് CPIM തിരിച്ചടിച്ചു. വാക്പോര് ആക്ഷനിലേക്ക് കടക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
ആശുപത്രിയുടെ ശിലാഫലകം അടിച്ചുപൊട്ടിച്ചതിനായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ് ഏദൻ ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. തുടർന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, മന്ത്രി വീണാ ജോർജിനെ ജില്ലയിൽ കാലുകുത്തിക്കില്ലെന്ന് പറഞ്ഞു. മന്ത്രിയുടെ സമ്മർദത്തെ തുടർന്നാണ് യൂത്ത് കോൺഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തതെന്നും പഴകുളം മധു ആരോപിച്ചു.
പഴകുളം മധുവിന്റെ വെല്ലുവിളിക്ക് ഫേസ്ബുക്കിലൂടെ സിപിഐഎം അടൂർ ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് എസ് മനോജിന്റെ മറുപടി. പഴകുളം മധു വീടിന്റെ പുറത്തിറങ്ങണമോ എന്ന് അടൂരിലെ പാർട്ടി തീരുമാനിക്കും എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.പത്തനംതിട്ട ടൗണിൽ നടന്ന വ്യത്യസ്തമായ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. അടൂരിലെ കോൺഗ്രസ് മാർച്ചിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ പോർവിളിയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. അതേസമയം പ്രതിഷേധങ്ങളെ നേരിടുന്നതിൽ പോലീസിന് വീഴ്ച സംഭവിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്.