പാരീസ് ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ ആന്ദ്രേ വിങ് ട്രോയിസ് അന്തരിച്ചു

പാരീസിലെ മുൻ ആർച്ച് ബിഷപ്പും ഫ്രഞ്ച് എപ്പിസ്കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദിനാൾ ആന്ദ്രേ വിങ് ട്രോയിസ് അന്തരിച്ചു. അദ്ദേഹത്തിന് 82 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം രോഗബാധിതനായിരുന്നു.
1942 നവംബർ ഏഴിന് ജനിച്ച വിങ് ട്രോയിസ്, കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരീസിൽ നിന്ന് ധാർമ്മിക ദൈവശാസ്ത്രത്തിൽ പഠനം പൂർത്തിയാക്കിയ ശേഷം 1969 ൽ പുരോഹിതനായി അഭിഷിക്തനായി.
തന്റെ ശുശ്രൂഷയുടെ ആദ്യ വർഷങ്ങളിൽ, ധാർമ്മിക, സാക്രമെന്റൽ ദൈവശാസ്ത്ര ക്ലാസുകൾ പഠിപ്പിക്കുന്നതിനു പുറമേ, ഇസി-ലെസ്-മൗലിനക്സിലെ സെന്റ്-സൽപൈസ് സെമിനാരിയിൽ ഇടവക വികാരിയായും ആത്മീയ ഡയറക്ടറായും സേവനമനുഷ്ഠിച്ചു.
1981 മുതൽ 1999 വരെ, പാരീസ് അതിരൂപതയുടെ വികാരി ജനറലായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 1988 ജൂൺ 25 ന് വി. ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ ഈ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചു.
1999-ൽ അദ്ദേഹത്തെ ടൂർസിന്റെ ആർച്ച് ബിഷപ്പായി നിയമിച്ചു, 2005-ൽ, വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തീരുമാനപ്രകാരം, സ്വന്തം ബിഷപ്പ് ഇല്ലാതെ ഫ്രാൻസിൽ താമസിക്കുന്ന പൗരസ്ത്യ കത്തോലിക്കാ വിശ്വാസികൾക്കായി പാരീസിലെ ആർച്ച് ബിഷപ്പായും ഓർഡിനറിയായും അദ്ദേഹത്തെ നിയമിച്ചു.
2007 നും 2013 നും ഇടയിൽ, കർദിനാൾ ഫ്രഞ്ച് എപ്പിസ്കോപ്പൽ കോൺഫറൻസിന് നേതൃത്വം നൽകി. 2007 നവംബർ 24-ന് ബെനഡിക്ട് പതിനാറാമൻ അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തി. ഫ്രാൻസിസ് മാർപാപ്പയെ തിരഞ്ഞെടുത്ത 2013-ലെ കോൺക്ലേവിൽ അദ്ദേഹം പങ്കെടുത്തു. 2017 ഡിസംബർ ഏഴിന് അദ്ദേഹം വിരമിച്ചു.