ഷൂട്ടർമാരെ കിട്ടാനില്ലെന്ന് പഞ്ചായത്തുകൾ, ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷം, നിയമക്കുരുക്കുകൾ ഭയപ്പെട്ട് ഷൂട്ടർമാർ പഞ്ചായത്തുകളുടെ പാനൽ ലിസ്റ്റിറ്റിൽ നിന്ന് ഒഴിവാകുന്നു
 

 
WWW

ഇടുക്കി ജില്ലയിൽ കാട്ടുപന്നി ശല്യം വർധിക്കുമ്പോൾ വെടിവെയ്ക്കാൻ ഉത്തരവിടാനാകാതെ പഞ്ചായത്തുകൾ. ഇടുക്കി ജില്ലയിൽ പഞ്ചായത്തിൻ്റെ എം പാനൽ ലിസ്റ്റിൽ ഉൾപ്പെട്ട ഷൂട്ടർമാരുടെ തോക്കുകൾക്ക് ലൈസൻസ് പുതുക്കി നൽകാത്തതാണ് കാരണം. നിയമക്കുരുക്കുകൾ ഭയപ്പെട്ട് ഷൂട്ടർമാർ പഞ്ചായത്തുകളുടെ പാനൽ ലിസ്റ്റിറ്റിൽ നിന്ന് ഒഴിവാകുന്നതായി അധികൃതർ പറയുന്നു.

ഇടുക്കിയുടെ ഹൈറേഞ്ച് മേഖലയിൽ വനത്തിനോട് ചേർന്നു കിടക്കുന്നതോ അല്ലാത്തതോ ആയ ഏതുപ്രദേശത്തും എപ്പോൾ വേണമെങ്കിലും വന്യജീവിയുടെ ആക്രമണമുണ്ടാകാം. അത് തടയാൻ പഞ്ചായത്തിന് ഉൾപ്പെടെ ഇടപെടൽ നടത്താം എന്ന് സർക്കാർ പറയുമ്പോൾ അതിന് വേണ്ട നിയമ പരിരക്ഷ കൂടി സർക്കാർ ഒരുക്കി നൽകേണ്ടതുണ്ട്.

ഇടുക്കി ജില്ലയിൽ പഞ്ചായത്തുകളുടെ പാനലിൽ ഉള്ള ഷൂട്ടർമാർ തോക്കിന് ലൈസൻസ് പുതുക്കി നൽകാൻ ആവശ്യപ്പെട്ടിട്ട് മാസം ഒമ്പതായി. കഴിഞ്ഞ നവംബർ മാസം മുതൽ തോക്കുകളുടെ ലൈസൻസ് ജില്ലാ ഭണകൂടം പുതുക്കി നൽകിയിട്ടില്ല. കാട്ടുപന്നി ശല്യം അതിരൂക്ഷമാകുമ്പോൾ പഞ്ചായത്ത് ലൈസൻസ് ഉള്ളവർക്ക് പോലും ഇവയെ വെടിവെക്കാൻ കഴിയാത്ത അവസ്ഥയാണ്. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഓഫീസിൽ നിന്നാണ് തോക്കുകളുടെ ലൈസൻസ് പുതുക്കി നൽകേണ്ടത്. മനുഷ്യ ജീവന് വിനയാകുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ളവയെ കൊല്ലാമെന്ന് സർക്കാർ ഒരുവശത്ത് ഉത്തരവിടുമ്പോൾ മറുവശത്ത് ഇത്തരം നൂലാമാലകളും നിയമക്കുരുക്കുകളും തുടരുകയാണ്.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ഇടുക്കിയിലെ പഞ്ചായത്തുകളിൽ വേണ്ടത്ര ഷൂട്ടർമാർ ഇല്ലെന്നാണ് അധികൃതരുടെ പ്രധാന പരാതി. അതിനിടെയാണ് നാൽപ്പതിൽ ഏറെ ഷൂട്ടർമാരുടെ തോക്കുകളുടെ ലൈസൻസ് പുതുക്കി നൽകാതിരിക്കുന്നത്.

Tags

Share this story

From Around the Web