പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; സസ്പെൻസ് തുടർന്ന് നിരവധി പഞ്ചായത്തുകൾ
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ രാവിലെ 10.30നും ഉപാധ്യക്ഷന്മാരെ ഉച്ചയ്ക്ക് 2.30നുമാണ് തിരഞ്ഞടുക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ വരണാധികാരി മുൻപാകെ പ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ജില്ലാ പഞ്ചായത്തുകളിൽ കളക്ടർമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ നിശ്ചയിച്ച ഉദ്യോഗസ്ഥരുമായിരിക്കും വരണാധികാരികൾ.സംസ്ഥാനത്തെ 14 ജില്ലാപഞ്ചായത്തുകളിലേക്കുo,152 ബ്ലോക്ക് പഞ്ചായത്തിലേക്കും, 941 ഗ്രാമ പഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇന്നലെ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പുകൾ പൂർത്തിയായിരുന്നു.
അതേസമയം, ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ സസ്പെൻസ് തുടരുകയാണ് നിരവധി പഞ്ചായത്തുകൾ. 5 പഞ്ചായത്തുകളിൽ സ്വതന്ത്രരുടെ പിന്തുണയോ നറുക്കെടുപ്പോ ആകും പ്രസിഡൻ്റിനെ തീരുമാനിക്കുക. എൽഡിഎഫ് , യുഡിഎഫ് , എൻഡിഎ മുന്നണികൾക്ക് തുല്യമായി സീറ്റുകൾ വീതം ലഭിച്ച പഞ്ചായത്തിൽ സ്വതന്ത്രനെ പ്രസിഡൻ്റാക്കി ഭരണം പിടിക്കാനാണ് മുന്നണികളുടെ നീക്കം.