'ഇന്‍സ്റ്റഗ്രാം മെസേജിന്റെ പേരില്‍ ഭീഷണിപ്പെടുത്തി' പാലക്കാട് പതിനാലുകാരന്‍ തുങ്ങിമരിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ കുടുംബം,

പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തൂരില്‍ ഒന്‍പതാം ക്ലാസുകാരന്‍ തുങ്ങിമരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ ആരോപണം. അധ്യാപിക ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മനംനൊന്താണ് പതിനാലുകാരന്‍ അര്‍ജുന്‍ ജീവനൊടുക്കി എന്നാണ് ആരോപണം. പാലക്കാട് കണ്ണാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മരിച്ച അര്‍ജുന്‍.
കുട്ടികള്‍ തമ്മില്‍ ഇന്‍സ്റ്റയില്‍ മെസേജ് അയച്ച സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ ഇടപെടലാണ് കുട്ടിയുടെ മരണത്തിന് കാരണം എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്‍സ്റ്റഗ്രാം മെസേജില്‍ മോശം വാക്കുകള്‍ ഉപയോഗിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ വിഷയം രക്ഷിതാക്കള്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ക്ലാസ് ടീച്ചര്‍ കുട്ടികളുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തി. അര്‍ജുനെ അധ്യാപിക നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.
വിഷയത്തില്‍ ഇടപെട്ട അധ്യാപിക കുട്ടികളുടെ ചെവിയില്‍ പിടിച്ച് തല്ലിയെന്നും ബന്ധുക്കളും സഹപാഠികളും പറയുന്നു. സൈബര്‍ സെല്ലില്‍ കേസ് കൊടുക്കും, ജയിലില്‍ കിടക്കേണ്ടിവരുമെന്നും പിഴയടക്കേണ്ടിവരുമെന്നും അധ്യാപിക പറഞ്ഞിരുന്നതായും സഹപാഠികള്‍ ഉള്‍പ്പെടെ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തില്‍ പരാതിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാല്‍, കുട്ടിയെ ഭീഷണിപ്പെടുത്തുന്ന വിധത്തില്‍ ഇടപെട്ടിട്ടില്ലെന്നും തെറ്റ് കണ്ടപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തത് എന്നുമാണ് സ്‌കൂള്‍ അധികൃതരുടെ നിലപാട്.