ചെന്നൈയില്‍ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ചത് 4 ലക്ഷം വിശ്വാസികള്‍

ചെന്നൈ: 2025 ആഗോള ജൂബിലി വർഷത്തിന്റെ ഭാഗമായി ചെന്നൈയില്‍ ഒരുക്കിയ 1500 വിശുദ്ധരുടെ തിരുശേഷിപ്പ് പ്രദര്‍ശനത്തിനു സാക്ഷ്യം വഹിച്ചത് നാലു ലക്ഷത്തോളം വിശ്വാസികള്‍. ചെന്നൈ ക്രോംപേട്ടിലെ അമലോത്ഭവ ദേവാലയത്തില്‍ ആഗസ്റ്റ് 15, 16, 17 തീയതികളില്‍ നടന്ന തിരുശേഷിപ്പ് പ്രദര്‍ശനം നേരിട്ടു കാണാനും വിശുദ്ധരോട് ആദരവ് പ്രകടമാക്കാനുമാണ് പതിനായിരങ്ങള്‍ എത്തിയത്.
കത്തോലിക്കരെ വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നിയെടുക്കാനും ദൈവത്തെ വ്യക്തിപരമായി കണ്ടുമുട്ടാനും സഹായിക്കുന്നതാണ് ഇത്തരം പ്രദര്‍ശനങ്ങളെന്ന് ഇടവക വികാരി ഫാ. ബക്യ റെജിസ് കാത്തലിക് കണക്റ്റിനോട് പറഞ്ഞു.
ഓഗസ്റ്റ് 15ന് മദ്രാസ് - മൈലാപ്പൂർ മുന്‍ ആർച്ച് ബിഷപ്പ് എ.എം. ചിന്നപ്പ നയിച്ച വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് പ്രദർശനം ആരംഭിച്ചത്. വൈകുന്നേരം, ചെങ്കൽപ്പട്ടു ബിഷപ്പ് നീതിനാഥനും ബലിയര്‍പ്പിച്ചിരിന്നു. ഓഗസ്റ്റ് 16-ന്, മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസാമി മുഖ്യ കാർമികത്വം വഹിച്ചു. ഓഗസ്റ്റ് 17ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് തഞ്ചാവൂർ ബിഷപ്പ് സഹായരാജ് നേതൃത്വം നൽകി. തമിഴ്, മലയാളം, ഇംഗ്ലീഷ്, തെലുങ്ക്, ഹിന്ദി, ലാറ്റിൻ ഭാഷകളിൽ എല്ലാ ദിവസവും ദിവ്യബലി അർപ്പിച്ചിരുന്നു.