അഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ പറയണം, കെ. സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രൻ
കോഴിക്കോട്: തെരഞ്ഞെടുപ്പ് വേളയിൽ നേതാക്കൾ പരസ്യമായി അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ഉചിതമല്ലെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കെ. സുധാകരന്റെ പ്രസ്താവനകളെ പരോക്ഷമായി വിമർശിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. താനായാലും സുധാകരനായാലും പാർട്ടിക്ക് ദോഷകരമാകുന്ന കാര്യങ്ങൾ പൊതുവേദിയിൽ പറയുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വടകരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്കുള്ളിൽ ഐക്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പാർട്ടിക്കുള്ളിലെ വേദികളിലാണ് ചർച്ച ചെയ്യേണ്ടത്. സ്വന്തം സ്ഥാനാർത്ഥിത്വത്തിനായി താൻ ഇക്കാലമത്രയും ആരോടും ശുപാർശ നടത്തിയിട്ടില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾക്കപ്പുറം വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വടകരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. പ്രവീൺ കുമാറും അഭിജിത്തും മുല്ലപ്പള്ളിയെ സന്ദർശിക്കാനെത്തിയിരുന്നു. സ്ഥാനാർത്ഥികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം വിജയത്തിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്തു.