ഇന്ന് ഒപി ബഹിഷ്‌കരിക്കും; പ്രതിഷേധം കടുപ്പിച്ച് സംസ്ഥാനത്തെ മെഡി.കോളജ് ഡോക്ടർമാർ

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമര രംഗത്തുള്ള സംസ്ഥാനത്തെ സർക്കാർ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിക്കുന്നു.
ഇന്ന് ഒ പി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. ജൂനിയര്‍ ഡോക്ടര്‍മാരും, പി ജി ഡോക്ടര്‍മാരും മാത്രമേ ഒ പിയില്‍ ഉണ്ടാവുകയുള്ളുവെന്നും അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍ മാത്രമേ മെഡിക്കല്‍ കോളജുകളില്‍ എത്താവു എന്നും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികള്‍ അറിയിച്ചു.
അധ്യാപനം നിര്‍ത്തി നടത്തിയ സമരത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചതിനാലാണ് ഒപി ബഹിഷ്‌കരണ സമരത്തിന്റെ സാഹചര്യം ഉണ്ടായതെന്നും, ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തി. അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ റിലേ അടിസ്ഥാനത്തില്‍ ഒ പി ബഹിഷ്കരിക്കാനാണ് നീക്കം.
നഷ്ടപ്പെട്ട ശമ്പള - ക്ഷാമബത്ത കുടിശ്ശിക നല്‍കുക, അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലെ ശമ്പളനിര്‍ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതിമായി ഡോക്ടര്‍മാരെ നിയമിക്കുക, പുതിയ മെഡിക്കല്‍ കോളജുകളില്‍ താല്കാലിക പുനര്‍വിന്യാസത്തിലൂടെ ഡോക്ടര്‍മാരെ നിയമിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം തുടരുന്നത്.