ലോകത്തെ രക്ഷിക്കാൻ ദൈവസ്നേഹത്തിന്റെ ശക്തിക്ക് മാത്രമേ സാധിക്കൂ: ലെയോ മാർപാപ്പ

 
Leo

ഭൗതികമായ അധികാരങ്ങൾക്കൊന്നും ലോകത്തെ രക്ഷിക്കാനാവില്ലെന്നും ദൈവസ്നേഹത്തിന്റെ ശക്തിക്ക് മാത്രമേ അതിന് സാധിക്കൂ എന്നും ലെയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. സ്ഥാനാരോഹണത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇറ്റലിയിലെ പോംപിയിലുള്ള ഔവർ ലേഡി ഓഫ് ദി ഹോളി റോസറി തീർഥാടന കേന്ദ്രത്തിൽ ദിവ്യബലി അർപ്പിച്ചു സംസാരിക്കുകയായിരുന്നു പാപ്പ.

​കഴിഞ്ഞ ഒക്ടോബറിൽ വിശുദ്ധനായി പ്രഖ്യാപിച്ച ബാർത്തലോമിയോ ലോംഗസിന്റെ നാമത്തിലുള്ള ചത്വരത്തിൽ ഇരുപതിനായിരത്തോളം വിശ്വാസികളെ സാക്ഷിയാക്കിയാണ് പരിശുദ്ധ പിതാവ് സന്ദേശം നൽകിയത്. സമാധാനത്തിനായുള്ള ഏറ്റവും വലിയ ആയുധം പ്രാർഥനയാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

പാപത്താലും യുദ്ധങ്ങളാലും തകർന്ന മനുഷ്യത്വത്തിന് മേൽ യേശുവിലൂടെ ദൈവം നൽകുന്ന കരുണയുടെ സ്പർശമാണ് സുവിശേഷമെന്ന് മാർപാപ്പ പറഞ്ഞു. ​ജപമാല എന്നത് ആവർത്തിച്ചു പറയുന്ന ഒരു സ്നേഹപ്രകടനമാണ്. അത് മരിയൻ ഭക്തിയിൽ അധിഷ്ഠിതമാണെങ്കിലും അതിന്റെ ഹൃദയം ക്രിസ്തുവിലാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി.

കുടുംബബന്ധങ്ങളുടെ തകർച്ചയിലും ആയുധക്കച്ചവടത്തിന് മുൻഗണന നൽകുന്ന ആഗോള സമ്പദ്‌വ്യവസ്ഥയിലും പാപ്പ ആശങ്ക രേഖപ്പെടുത്തി. യുദ്ധങ്ങൾ അവസാനിക്കാൻ രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടലുകൾക്കൊപ്പം ആത്മീയമായ ഉണർവും ആവശ്യമാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.

Tags

Share this story

From Around the Web