മമതയെ കൈവിട്ട് എംഎൽഎമാരും, യോഗത്തില്‍ പങ്കെടുത്തത് 20 പേര്‍ മാത്രം; തൃണമൂലില്‍ പ്രതിസന്ധി രൂക്ഷം?
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്കെതിരായ അക്രമത്തിന് പിന്നാലെ, പാര്‍ട്ടി അധ്യക്ഷ മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ ബഹുഭൂരിപക്ഷം എംഎല്‍എമാരും പങ്കെടുത്തില്ല. 80 എംഎല്‍എമാരില്‍ 20 പേര്‍ മാത്രമാണ് യോഗത്തിനെത്തിയത്. 60 എംഎല്‍എമാര്‍ വിട്ടു നിന്നു.
മമതയുടെ കാളിഘട്ടിലെ വസതിയിലാണ് യോഗം ചേരാന്‍ നിശ്ചയിച്ചത്. ബഹുഭൂരിപക്ഷം എംഎല്‍എമാരും പങ്കെടുക്കാതിരുന്നതിനെത്തുടര്‍ന്ന് യോഗം റദ്ദാക്കി. തൃണമൂല്‍ നേതാക്കള്‍ക്കുനേരെയുണ്ടായ അക്രമങ്ങള്‍ക്കെതിരെ പ്രാദേശിക പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനാലാണ് എംഎല്‍എമാര്‍ യോഗത്തില്‍ എത്താതിരുന്നതെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിശദീകരണം.
അഭിഷേക് ബാനര്‍ജിക്കും കല്യാണ്‍ ബാനര്‍ജി എംപിക്കും നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതിനാലാണ് എംഎല്‍എമാര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നതെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു. പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നടപടികള്‍ ഉണ്ടാകുന്നതിനാല്‍, അറസ്റ്റിലായ പ്രവര്‍ത്തകരെ സഹായിക്കാനും ക്രമസമാധാന നില നിയന്ത്രിക്കാനും എംഎല്‍എമാര്‍ അവരുടെ മണ്ഡലങ്ങളില്‍ തുടരുകയാണ്.