എന്നും ഒറ്റയാള്‍ പോരാട്ടം, ജനഹൃദയങ്ങള്‍ ഏറ്റെടുത്ത രാഷ്ട്രീയ നിലപാട്, കേരളത്തിന്റെ സതീശനിസം

 
vd

കൊച്ചി: കേരള രാഷ്ട്രീയത്തിൽ അസാധ്യമായതിനെ സാധ്യമാക്കിയ പോരാളിയായി വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെക്കുന്നു. മുതിർന്ന നേതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട്, ജനപിന്തുണയും പാർട്ടിയിലെ സ്വീകാര്യതയും മുൻനിർത്തിയാണ് ഹൈക്കമാൻഡ് ഈ യുവതുർക്കിയെ കേരളത്തിന്റെ അമരക്കാരനായി നിയോഗിച്ചിരിക്കുന്നത്.

2021-ൽ കേവലം 21 അംഗങ്ങളുമായി സഭയിൽ പ്രതിപക്ഷത്തെ നയിച്ച സതീശൻ, വെറും അഞ്ച് വർഷം കൊണ്ട് യു.ഡി.എഫിന്റെ അംഗബലം 63 ആയും മുന്നണിയുടെ മൊത്തം സീറ്റുകൾ 100-ന് മുകളിലും എത്തിച്ചു. ചരിത്രവിജയത്തിന്റെ ഈ ചാലകശക്തിയെ രാഷ്ട്രീയ നിരീക്ഷകർ 'സതീശനിസം' എന്നാണ് വിശേഷിപ്പിക്കുന്നത്.

നിയമസഭയ്ക്കകത്തും പുറത്തും കൃത്യമായ പഠനവും ഗൃഹപാഠവും നടത്തി ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയ ശൈലി ജനശ്രദ്ധ പിടിച്ചുപറ്റി. ഒരൊറ്റ തവണ പോലും മന്ത്രിയാകാതെ നേരിട്ട് മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്ന അപൂർവ്വ നേട്ടം അദ്ദേഹം സ്വന്തമാക്കി. 1996-ലെ കന്നിപ്പോരാട്ടത്തിൽ വീണെങ്കിലും, 2001 മുതൽ 2026 വരെ പറവൂരിൽ തോൽവി അറിയാതെ സതീശൻ കുതിച്ചു.

"ഏതു വിഷയത്തെയും ആഴത്തിൽ പഠിച്ച് ജനകീയമാക്കുന്ന സതീശന്റെ ശൈലിയാണ് കോൺഗ്രസിനെ കേരളത്തിൽ വീണ്ടും അധികാരത്തിലെത്തിച്ചത്. ഒറ്റയാൾ പോരാട്ടത്തിലൂടെ തുടങ്ങിയ അദ്ദേഹം ഇന്ന് ജനകോടികളുടെ പ്രതീക്ഷയായി മാറിയിരിക്കുന്നു."

മന്ത്രിപദവിയിലെ മുൻപരിചയമില്ലെങ്കിലും, പ്രതിപക്ഷ നേതാവെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷം അദ്ദേഹം കാഴ്ചവെച്ച മികവ് ഭരണരംഗത്തും പ്രതിഫലിക്കുമെന്നാണ് അണികളുടെയും പൊതുജനങ്ങളുടെയും പ്രതീക്ഷ.

Tags

Share this story

From Around the Web