ഒന്നരവയസ്സുകാരന്റെ മരണം, അഷ്‌കറിന് പക അഖിലയുടെ അമ്മയോട്, പണത്തിനായി കുഞ്ഞിനെ ബന്ദിയാക്കിയെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണത്തിൽ കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. കുട്ടിയുടെ പിതാവ് അഷ്‌കറിന് അഖിലയുടെ അമ്മ റീനയോട് ഉണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അടുത്ത ബന്ധു വെളിപ്പെടുത്തി.
അഖിലയുടെ പേരിലുള്ള സ്ഥലം ആവശ്യപ്പെട്ട് അഷ്‌കർ എത്തിയപ്പോൾ റീന ഇയാളെ മർദ്ദിച്ചിരുന്നു. കസേര കൊണ്ട് അടിച്ചുള്ള ഈ മർദ്ദനത്തിന് പിന്നാലെ അഷ്‌കർ റീനയോട് കടുത്ത വൈരാഗ്യം സൂക്ഷിച്ചിരുന്നതായി ബന്ധു പറയുന്നു. ഈ പകയാണ് കുഞ്ഞിനോട് തീർത്തത്. അഷ്‌കർ കുഞ്ഞിന്റെ കൈകൾ ഒടിച്ച വിവരം റീനയ്ക്കും അഖിലയ്ക്കും മുൻപേ അറിയാമായിരുന്നുവെന്നും ബന്ധു ആരോപിക്കുന്നു. അഷ്‌കർ തന്റെ ആദ്യഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയ വിവരം അറിഞ്ഞിട്ടും ഇയാൾക്കൊപ്പം മകളെ വിടാൻ റീന തയ്യാറായെന്നും, ആദ്യഭാര്യയുടെ അമ്മയോട് മൊഴിമാറ്റിപ്പറയാൻ റീന ആവശ്യപ്പെട്ടുവെന്നും ബന്ധു ആരോപിക്കുന്നു.
കുഞ്ഞിനെ അച്ഛന്റെ വീട്ടുകാർക്ക് കൈമാറാൻ ബന്ധുക്കൾ ആവശ്യപ്പെട്ടെങ്കിലും, കുഞ്ഞിനെ നോക്കുന്നതിന് പ്രതിമാസം 25,000 രൂപയാണ് റീന ആവശ്യപ്പെട്ടതെന്ന് ബന്ധു ആരോപിച്ചു. കുഞ്ഞിനെ തന്നിരുന്നെങ്കിൽ വളർത്തുമായിരുന്നു എന്ന റീനയുടെ നിലവിലെ പ്രതികരണങ്ങൾ വെറും നാടകമാണെന്നും ബന്ധു പറഞ്ഞു.
കേസിൽ ഒന്നാം പ്രതി അഷ്‌കറിനെതിരെ എസ്സി-എസ്ടി അതിക്രമം തടയൽ നിയമം ഉൾപ്പെടെയുള്ള കൂടുതൽ വകുപ്പുകൾ പോലീസ് ചുമത്തിയിട്ടുണ്ട്. നെടുംമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവദിവസം അമ്മ അഖില നാഗർകോവിലിൽ പോയിരുന്നോ എന്ന് സ്ഥിരീകരിക്കുന്നതിനായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.