ലെയോ പതിനാലാമൻ പാപ്പ മാർപാപ്പയായിട്ട് ഒരുവർഷം

 
Leo

ലെയോ പതിനാലാമൻ പാപ്പ, ആഗോള കത്തോലിക്കാ സഭയിലെ 267-ാമത് മാർപാപ്പയായിട്ട് ഒരുവർഷം പിന്നിടുന്നു. അഗസ്റ്റീനിയന്‍ സന്ന്യാസ സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയാണ് ലെയോ പതിനാലാമൻ പാപ്പ. 2025 മെയ് എട്ടാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേൽക്കുന്നത്. തുടര്‍ന്നു വായിക്കുക.

ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ മുൻ പ്രിഫെക്റ്റായ കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് 1955 സെപ്റ്റംബർ 14 ന് ചിക്കാഗോയിൽ ജനിച്ചു.

1977 ൽ ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒ.എസ്.എ.) ന്റെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ൽ തന്റെ വ്രതവാഗ്ദാനം നടത്തി.

1977 ൽ വില്ലനോവ സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം, ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റി, റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻസ് ബിരുദം, ഡോക്ടറേറ്റ് എന്നിവ നേടി. ‘സെന്റ് അഗസ്റ്റിന്റെ സന്ന്യാസക്രമത്തിൽ പ്രാദേശിക പ്രിയോറിന്റെ പങ്ക്’ എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ ഡോക്ടറൽ പ്രബന്ധം.

1982 ൽ പുരോഹിതനായി അഭിഷിക്തനായതിനു ശേഷം 1985 ൽ പെറുവിലെ അഗസ്തീനിയൻ മിഷനിൽ ചേർന്ന പ്രെവോസ്റ്റ് 1985 മുതൽ 1986 വരെ ചുലുക്കാനാസ് പ്രദേശത്തിന്റെ ചാൻസലറായി സേവനമനുഷ്ഠിച്ചു.

1987 മുതൽ 1988 വരെ അദ്ദേഹം അമേരിക്കയിൽ ചിക്കാഗോയിലെ അഗസ്തീനിയൻ പ്രവിശ്യയുടെ വൊക്കേഷണൽ പാസ്റ്ററായും മിഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. തുടർന്ന് പെറുവിലേക്ക് മടങ്ങുകയും ട്രൂജില്ലോയിലെ അഗസ്തീനിയൻ സെമിനാരിയുടെ തലവനായും രൂപതാ സെമിനാരിയിൽ കാനോൻ നിയമ അധ്യാപകനായും പത്ത് വർഷം ചെലവഴിച്ചു. ഇടവക വികാരി, സെമിനാരിക്കാരുടെ പരിശീലകന്‍, സെമിനാരി അധ്യാപകൻ, ജുഡീഷ്യൽ വികാരി തുടങ്ങിയ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

1999 ൽ അദ്ദേഹം വീണ്ടും ചിക്കാഗോയിലേക്ക് മടങ്ങുകയും അതിരൂപതയിലെ ‘മദർ ഓഫ് ഗുഡ് കൗൺസൽ’ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ പ്രിയോറായി തിരഞ്ഞെടുക്കപ്പെടും ചെയ്തു. രണ്ടര വർഷത്തിനു ശേഷം അദ്ദേഹം അഗസ്തീനിയന്‍ സമൂഹത്തിന്റെ പ്രിയോർ ജനറലായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടു. 2013 വരെ ഈ സ്ഥാനം അലങ്കരിച്ചു. 2025 മെയ് എട്ടാം തീയതിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെത്തുർന്ന് ലെയോ പതിനാലാമൻ പാപ്പ സ്ഥാനമേൽക്കുന്നത്.

Tags

Share this story

From Around the Web