കേരളത്തിന്‍റെ ഉള്ളുപൊട്ടിയ മഹാദുരന്തത്തിന് ഒരാണ്ട്, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു

ഉറങ്ങി കിടന്നിരുന്ന ഒരു നാടിനെ ഒറ്റരാത്രി കൊണ്ട് അപ്രത്യക്ഷമാക്കിയ മുണ്ടക്കൈ – ചൂരൽമല ഉരുൾ ദുരന്തത്തിന് ഇന്നേക്ക് ഒരാണ്ട്. 2024 ജൂലൈ 30ന് സംഭവിച്ച കേരളക്കരയുടെ നെഞ്ച് വിങ്ങിയ ദുരന്തത്തിൽ 298 ജീവനുകളാണ് നമുക്ക് നഷ്ടമായത്.
എന്നാൽ ഒരു നിമിഷം പോലും പകച്ച് നിൽക്കാതെ കേരള ജനതയും സർക്കാരും ദുരന്തഭൂമിയിലേക്ക് കുതിച്ചു. പൊട്ടിയൊലിച്ചു വന്ന ദുരന്തത്തെ ഒറ്റക്കെട്ടായി കേരളം നേരിട്ടു.
അഗ്നിരക്ഷാസേനയും പൊലീസും ദുരന്തനിവാരണ സേനയും സൈന്യവും തുടങ്ങി യുവജന സംഘടനകളും സാധാരക്കാരായ നാട്ടുകാരും വരെ നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിലൂടെ നൂറുകണക്കിന് മനുഷ്യരെയാണ് രക്ഷപ്പെടുത്തിയത്.
മുറിവുണങ്ങാത്ത ഓര്മ്മകള്‍ക്ക് ഒരാണ്ട് തികയുമ്പോഴും സര്‍ക്കാരിന്റെയടക്കമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വൈകുകയാണ്.
മുണ്ടക്കൈ ദുരന്തത്തിൽ ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത് ചാലിയാറിൽ നിന്നായിരുന്നു. കുത്തിയൊലിച്ച് എത്തിയ ചാലിയാർ പുഴയിലും ഉൾവനത്തിലും ദിവസങ്ങളോളം നടത്തിയ തിരച്ചിലിൽ 253 മൃതദേഹങ്ങളാണ് ലഭിച്ചത്. ദുരന്തത്തിന്റെ ആഘാതം എത്ര വലുതാണെന്ന് വ്യക്തമാക്കുന്നതായിരുന്നു കിലോമീറ്ററുകൾക്കിപ്പുറം ചാലിയാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന ഓരോ മൃതദേഹങ്ങളും.
ഇതെല്ലാം കഴിഞ്ഞിട്ട് ഒരാണ്ട് പിന്നിടുന്നു. എങ്ങും ഒരേ മൂകത മാത്രം.ഒച്ചയനക്കങ്ങളില്ലാതായതോടെ വന്യത മൂടിയ മുണ്ടക്കൈ മാറി.ഒന്നെണീറ്റു നില്‍ക്കാനുള്ള ആരോഗ്യമില്ലാതെ ഒരേ കിടപ്പിലായ ചൂരല്‍മലയില്‍ പുനരധിവാസവും ഇനിയും എങ്ങുമെത്തിയില്ല. ഒരു പട്ടികയിലും പെടാതെ ഒറ്റപ്പെട്ടുപോയത് നിരവധി പേരാണ്.