ഓണം എത്താറായി, വെളിച്ചെണ്ണയ്ക്കു പിന്നാലെ പച്ചക്കറി വിലയും ഉയരുന്നു. വര്‍ധന 10രൂപ മുതല്‍ 25രൂപ വരെ. തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനത്തില്‍ കുറവാണ് വില വര്‍ധനയ്ക്കു കാരണമെന്നു വ്യാപാരികള്‍

കോട്ടയം: ഓണം എത്താറായതോടെ പച്ചക്കറി വിലയും മെല്ലെ ഉയരുന്നു. പച്ചക്കറി കൃഷി നാട്ടില്‍ കുറഞ്ഞതും കാലാസ്ഥ വ്യതിയാനവും വില കൂടാന്‍ കാരണം. നിലവില്‍ വില കുറഞ്ഞു നില്‍ക്കുന്ന പച്ചക്കറികളില്‍ പലതിന്റെയും വിലയില്‍ വരും ദിവസങ്ങളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. എന്നാല്‍, ചിലയിനങ്ങള്‍ക്കു വില കുറഞ്ഞിട്ടുമുണ്ട്.
ചേന വില 100ല്‍ നിന്നും 70ലേക്കും ഏത്തക്കായ 60ല്‍ നിന്ന് 40ലേക്കും കുറഞ്ഞിട്ടുണ്ട്. മുമ്പ് 280 വരെ വിലയെത്തിയ വെളുത്തുള്ളി വില 160ലേക്ക് ചുരുങ്ങി. വരവ് പച്ചക്കറിളായ സവാള 41, ചെറിയുള്ളി 72, തക്കാളി 50, പച്ചമുളക് 60, ബീറ്റ്‌റൂട്ട് 41, കിഴങ് 43, കാരറ്റ് 52, തേങ്ങ88, ചേന 53, മുരിങ്ങക്ക 76, ഇഞ്ചി 93, നാരങ്ങ 67, പച്ചമാങ്ങ 39, വെണ്ടക്ക 46,മത്തങ്ങ 23, പടവലങ്ങ 48 എന്നിങ്ങനെയാണു കഴിഞ്ഞ ദിവസങ്ങളിലെ വില.
എന്നാല്‍, ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ക്യാരറ്റ് 80, വഴുതന 50, മാങ്ങ 70, തക്കാളി 60 എന്നിങ്ങനെ വില വര്‍ധിച്ചിട്ടുണ്ട്. 10 രൂപ മുതല്‍ 25 രൂപ വരെയാണ് വിലയിലെ വര്‍ദ്ധന. നിലവിലെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഓണത്തിന് വിപണിയില്‍ തീ വിലയാകുമെന്നുറപ്പാണ്.
സംസ്ഥാനത്ത് കൃഷിവകുപ്പ് നേതൃത്വത്തില്‍ നടത്തുന്ന പച്ചക്കറി ഉത്പാദന യഞ്ജത്തിന്റെ ഭാഗമായുള്ള പച്ചക്കറികള്‍ വിപണിയില്‍ എത്താന്‍ വൈകിയാല്‍ വില ഇരട്ടിയാകുമെന്നുറപ്പാണ്.
അതേസമയം ജൂണ്‍ മുതല്‍ ആരംഭിച്ച കാലവര്‍ഷത്തില്‍ കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തെ കാര്‍ഷിക രംഗത്തുണ്ടായത്. അഞ്ചു തവണയാണ് ഇക്കുറി പലയിടങ്ങളിലും വെള്ളം പൊങ്ങിയത്. മഴയ്‌ക്കൊപ്പം എത്തിയ അതി ശക്തമായ കാറ്റ് കാര്‍ഷിക വിളകളെ തകര്‍ത്തെറിഞ്ഞു.