യഥാർഥ അനുകമ്പയെക്കുറിച്ച് വി. വിൻസെന്റ് ഡി പോൾ പഠിപ്പിക്കുന്ന കാര്യങ്ങൾ

 
vincent

സ്നേഹം എന്നത് എല്ലാ പരിധികൾക്കുമപ്പുറമാണ്. ഒരാളെ നമ്മൾ നിസ്വാർഥമായി സ്നേഹിക്കാൻതുടങ്ങിയാൽപ്പിന്നെ എന്തൊക്കെ സംഭവിച്ചാലും നാം അതിൽനിന്നും പിന്നോട്ടുപോകില്ല. മറ്റുള്ളവരെ നിസ്വാർഥമായി സ്നേഹിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന അടിസ്ഥാനഘടകം അനുകമ്പയാണ്. ഉപവിയുടെ ശുശ്രൂഷകനായിരുന്ന വി. വിൻസെന്റ് ഡി പോൾ യഥാർഥ സ്നേഹപ്രവർത്തികൾ എപ്രകാരമായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കുന്നു.

സ്വീകരിക്കുന്നതിനേക്കാൾ കൂടുതൽ കൊടുക്കുന്ന മനോഭാവം ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. അവിടെ നിന്നുമാണ് അനുകമ്പ എന്ന വാക്കിന്റെ അർഥം അതിന്റെ പൂര്‍ണ്ണതയിൽ നിറവേറാൻ ആരംഭിക്കുന്നത്. ഒരു സമൂഹത്തിന്റെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് അത്. സഹോദരങ്ങളോടും കൂട്ടുകാരോടും അനുകമ്പ കാണിക്കുമ്പോൾ അത് സ്വീകരിക്കുന്നവരും ഹൃദയത്തിൽ നല്ല മനോഭാവം വളർത്തിയെടുക്കും. അതിനാൽ സ്നേഹം അതിന്റെ പ്രവർത്തിപഥത്തിലെത്തിക്കുന്ന അനുകമ്പ ജീവിതത്തിൽനിന്നും നഷ്ടപ്പെടരുത്.

എന്താണ് അനുകമ്പ? അത് പണംകൊണ്ടു മാത്രം കൊടുത്തുതീർക്കാവുന്നതോ, കൊടുക്കാവുന്നതോ ആയ ഒന്നല്ല. മറിച്ച് മനുഷ്യത്വമാണ് അനുകമ്പയുടെ ഏറ്റവും ഉദാത്തമായ മുഖം. വേദനിക്കുന്നവർക്ക് നാം ഫോണിലൂടെ നൽകുന്ന ഒരു ആശ്വാസമായിരിക്കാം, അല്ലെങ്കിൽ ഒരു രോഗിയുടെ അടുത്ത് കുറച്ചുസമയം ചിലവഴിക്കുന്നതായിരിക്കാം അവർക്ക് ആശ്വാസമേകുന്നത്. ചുറ്റുമുള്ള വ്യക്തികളുമായി നല്ല സ്നേഹബന്ധം സ്ഥാപിക്കുന്നതും അനുകമ്പ നിറഞ്ഞ പ്രവർത്തനങ്ങളാണ്.

കരുണയുടെ പ്രവർത്തനങ്ങൾകൊണ്ട്  മിഷൻ പ്രചാരകനായ മഹാവിശുദ്ധനാണ് വി. വിൻസെൻറ് ഡി പോൾ. പതിനേഴാം നൂറ്റാണ്ടിൽ ഫ്രാൻ‌സിൽ ജീവിച്ചിരുന്ന അദ്ദേഹം വൈദികനായശേഷം കടൽക്കൊള്ളക്കാരാൽ അടിമയായി കുറേവർഷങ്ങൾ ജീവിച്ചു. മോചിതനായശേഷം പാരീസിൽ സ്ഥിരതാമസമാക്കുകയും സമ്പന്നരായ ആളുകളെ കണ്ടെത്തി ദരിദ്രരെ സഹായിക്കാൻ അവരെ അദ്ദേഹം പ്രചോദിപ്പിക്കുകയും ചെയ്തു. നാം മറ്റുള്ളവരോട് അനുകമ്പ കാണിക്കുമ്പോൾ സമ്പത്ത് മാത്രം അവർക്ക് കൊടുത്താൽ പോരാ, സനേഹവും പുഞ്ചിരിയും ആവശ്യമാണ് എന്ന് അദ്ദേഹം തന്റെ കൂടെയുള്ളവരെ നിരന്തരം ഓർമ്മിപ്പിക്കുമായിരുന്നു.

അപരനോട് സ്നേഹവും കരുതലും കാട്ടി വിശുദ്ധനായ വ്യക്തിയാണ് വി. വിൻസെന്റ് ഡി പോൾ. അദ്ദേഹം നമുക്ക് പറഞ്ഞുതരുന്ന കാര്യങ്ങൾ കരുണയുടെ വക്താക്കളാകാൻ നമ്മെ സഹായിക്കട്ടെ.

കടപ്പാട് ലൈഫ് ഡേ
 

Tags

Share this story

From Around the Web