കന്യാസ്ത്രീകൾ ഹൈകോടതിയിലേക്ക്; എൻ.ഐ.എ കോടതിയിൽ പോയാൽ സമയം നഷ്ടപ്പെടുമെന്ന് നിയമോപദേശം

 
kerala nuns

റായ്പുർ: മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സഭാനേതൃത്വം ഛത്തീസ്ഗഡ് ഹൈകോടതിയില്‍ സമര്‍പ്പിക്കും. കേസ് വാദിക്കുന്ന അഭിഭാഷക സംഘത്തെ മാറ്റിയിട്ടുണ്ട്. ഡൽഹിയിൽ നിന്നുള്ള അഭിഭാഷകനും സഭയ്ക്കുവേണ്ടി ഹാജരാകും എന്നാണ് വിവരം. എൻ.ഐ.എ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. ബിലാസ്പൂരിൽ ആണ് ഛത്തീസ്ഗഡ് ഹൈകോടതി സ്ഥിതി ചെയ്യുന്നത്.

നിലവില്‍ കേസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി ഇന്നലെ വ്യക്തമാക്കിയത്. ഇതോടെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലാകുന്നതിനുമുമ്പ് മലയാളി കന്യാസ്ത്രീകളെ ബജ്‌രംഗ്‌ദൾ നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്തുവന്നിരുന്നു. പൊലീസും ആൾക്കൂട്ടവും നോക്കിനിൽക്കുന്നതിനിടെയാണ് സംഘ്പരിവാർ സംഘടന വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്‌റംഗ്‌ദളിന്റെ നേതാവ് ജ്യോതി ശർമ ഇവരെ ഭീഷണിപ്പെടുത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം.

അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽനിന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഒഴിഞ്ഞുമാറി. ബി.ജെ.പി അല്ലാതെ മറ്റൊരു പാർട്ടിയും വിഷയത്തിൽ ഇടപെടുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കന്യാസ്ത്രീകൾ കൊണ്ടുപോയ പെൺകുട്ടികൾ ക്രിസ്ത്യാനികളാണോ എന്ന കാര്യത്തിൽ തീരുമാനം പറയേണ്ടത് കോടതിയാണ്. കോടതിയിലുള്ള വിഷയത്തിൽ മന്ത്രിയെന്ന നിലയിൽ അഭിപ്രായം പറയുന്നതിൽ പരിമിതിയുണ്ട്. നടപടിക്രമം പൂർത്തിയാക്കാതെ ജാമ്യാപേക്ഷ നൽകിയതിനാലാണ് അത് തള്ളിയത്.

സംസ്ഥാനം ഭരിക്കുന്നത് ബി.ജെ.പിയാകുമ്പോൾ ഇടപെടേണ്ടത് അവർ തന്നെയല്ലേ എന്ന ചോദ്യമുന്നയിച്ചതോടെ മാധ്യമങ്ങളെ വിമർശിക്കുന്നതിലേക്ക് മന്ത്രി കടന്നു. മാധ്യമങ്ങൾ അജണ്ട വെച്ച് ചോദ്യങ്ങളുന്നയിക്കുകയാണെന്നും താൻ കുറേക്കാലമായി ഇതു കാണുകയാണെന്നും മന്ത്രി പറഞ്ഞു. കന്യാസ്ത്രീകൾ കൂട്ടിക്കൊണ്ടുപോയ കുട്ടികൾ ക്രിസ്ത്യാനികളാണെന്ന് അവർ തന്നെ പറയുന്നുണ്ടെന്നും അതിന്‍റെ വോയിസ് ക്ലിപ് കേൾപ്പിക്കാമെന്നും പറഞ്ഞതോടെ, തനിക്ക് ഹിന്ദി അറിയില്ലെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.

മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ചാണ് ഛത്തീസ്ഗഢില്‍ കേരളത്തില്‍നിന്നുള്ള കന്യാസ്ത്രീകളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാവുകയാണ്. പാർലമെന്‍റിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ രംഗത്തുവന്നിട്ടുണ്ട്.


 

Tags

Share this story

From Around the Web