കന്യാസ്ത്രീകളുടെ അറസ്റ്റ്; സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി; പ്രതികരണം നടത്തിയില്ല

 
2

കോതമംഗലം: ഛത്തീസ്ഗഢിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് സംബന്ധിച്ച് സുരേഷ് ഗോപി പ്രതികരണം നടത്താതിരുന്നത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. ഇതിനിടെയാണ് സുരേഷ് ഗോപി സിസ്റ്റർ പ്രീതിയുടെ വീട്ടിലെത്തിയത്.

പ്രീതി മേരിയുടെ മാതാപിതാക്കളുമായി സുരേഷ് ഗോപി സംസാരിച്ചു. വ്യാജ വോട്ടുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾക്കിടെയാണ് സുരേഷ് ഗോപി ഇന്ന് തൃശ്ശൂർ സന്ദർശിച്ചത്. ഇവിടെനിന്നായിരുന്നു അദ്ദേഹം കോതമംഗലത്തെ സിസ്റ്റർ പ്രീതി മേരിയുടെ വീട്ടിലെത്തിയത്.

കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ​ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു.

കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരി​ഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ബൈജു പറഞ്ഞു.

പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ സിസ്റ്ററുടെ വീട്ടിൽ മന്ത്രിയെത്തിയത്. 15 മിനിറ്റോളം വീട്ടിൽ തുടർന്ന മന്ത്രി സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരക്ഷരം പ്രതികരിക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്.

Tags

Share this story

From Around the Web