കന്യാസ്ത്രീകളുടെ അറസ്റ്റ്: സുരേഷ് ഗോപി മിണ്ടിയതായി കണ്ടില്ല, മാതാവിന് കിരീടവുമായി ചിലപ്പോള്‍ കേരളത്തില്‍ എത്തിയേക്കാമെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരിക്കാത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. മാതാവിന് കിരീടവുമായി ചിലപ്പോള്‍ കേരളത്തില്‍ എത്തിയേക്കാമെന്നും എന്നാല്‍ ഈ വിഷയത്തില്‍ സുരേഷ് ഗോപി മിണ്ടിയതായി കണ്ടില്ലെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
ജോര്‍ജ് കുര്യനെതിരെയും അദ്ദേഹം സംസാരിച്ചു. ജോര്‍ജ് കുര്യന്റേത് മന്ത്രിസ്ഥാനം നിലനിര്‍ത്താനുള്ള ഗതികേടാണെന്നും കേരളത്തിലെ ക്രൈസ്തവരെ ജോര്‍ജ് കുര്യനും മറ്റുള്ളവരും ചേര്‍ന്ന് പറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാസഭയെ മുന്‍നിര്‍ത്തി മന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയ വ്യക്തിയാണ് ജോര്‍ജ് കുര്യൻ. ക്രൈസ്തവ രക്ഷിക്കാന്‍ തങ്ങള്‍ ഉണ്ടെന്നാണ് ബിജെപി പറഞ്ഞിരുന്നത്. ക്രൈസ്തവരെ പാട്ടിലാക്കാനുള്ള ബിജെപിയുടെ ഗൂഢലക്ഷ്യത്തിന്റെ പ്രധാന ഉപഭോക്താവാണ് ജോര്‍ജ് കുര്യന്‍. ബിജെപിയുടെ ചെമ്പ് പുറത്തുവന്നുവെന്നും ജോണ്‍ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.
സിബിസിഐയെ കുറ്റപ്പെടുത്തിയ ജോര്‍ജ് കുര്യന്‍ കന്യാസ്ത്രീകള്‍ക്കായി എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണം. ക്രൈസ്തവ സമൂഹത്തോട് ജോര്‍ജ് കുര്യന്‍ മാപ്പ് പറയണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു.