കന്യാസ്ത്രീകളുടെ അറസ്റ്റ്: മോദി സർക്കാറിന്റെ പരോക്ഷ പിന്തുണ ഉണ്ടെന്ന് സംശയമെന്ന് ഓർത്തഡോക്സ് സഭ; ‘അടുത്ത കേക്കും കൊണ്ട് വരട്ടെ, അപ്പോൾ നോക്കാം

കോട്ടയം: ക്രൈസ്തവസഭകളുടെ സാമൂഹികസേവനങ്ങളെ താഴ്ത്തിക്കെട്ടാനുള്ള ബോധപൂർവ്വമായ ശ്രമമാണ് ഛത്തീസ്ഗഢ് സംഭവമെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.
ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം അനുവദിക്കാനാകില്ല. തീവ്രമതസംഘടനകളെ നിരോധിക്കണം. നിയമം കൈയ്യിലെടുത്ത അക്രമികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാൻ കേന്ദ്ര സർക്കാർ തയാറാകണം. കന്യാസ്ത്രീകൾക്ക് നേരെയുണ്ടായ നടപടി മതേതര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്ക് ഭൂഷണമല്ലെന്നും കാതോലിക്കാ ബാവാ പറഞ്ഞു. കന്യാസ്ത്രീകൾക്ക് പിന്തുണ പ്രഖ്യാപിച്ച് സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രഖ്യാപന സദസ്സിൽ സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.
ക്രൈസ്തവസഭകൾ സ്ഥാപിച്ച വിദ്യാലയങ്ങളിൽ പഠിച്ചുവളർന്നയാളാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രിയെന്നാണ് മനസിലാക്കുന്നത്. അങ്ങനെയൊരാൾ തന്നെ കന്യാസ്ത്രീകളെ കൈയ്യാമം വെക്കാൻ കൂട്ടുനിൽക്കുന്നു എന്ന് കേൾക്കുന്നത് വിഷമകരമാണ്. ഒരുവശത്ത് പ്രീണനവും മറുവശത്ത് പീഡനവും എന്നത് രണ്ട് വള്ളത്തിൽ കാൽ ചവിട്ടുന്ന നിലപാടാണ്.
ഇതിന് മോദി സർക്കാറിന്റെ പരോക്ഷ പിന്തുണ ഉണ്ടോ എന്ന് സംശയമുണ്ട്. മോദികേന്ദ്രസർക്കാരിന് തീവ്രമതസംഘടനകളെ നിയന്ത്രിക്കാൻ കഴിയാതെയായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുദിവസം കൊണ്ട് ലോകം അവസാനിക്കില്ലല്ലോ. അടുത്ത ക്രിസ്മസിന് കേക്കും കൊണ്ട് വരട്ടെ, അപ്പോൾ നോക്കാം. നിലപാട് സത്യസന്ധമെങ്കിൽ കന്യാസ്ത്രീ വിഷയത്തിൽ കേന്ദ്രസർക്കാർ നീതിപൂർവ്വ സമീപനം സ്വീകരിക്കുമെന്നാണ് മലങ്കരസഭ പ്രതീക്ഷിക്കുന്നതെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.
എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. തോമസ് മാര്‍ അത്താനാസിയോസ്, കുറിയാക്കോസ് മാര്‍ ക്ലിമീസ് വലിയ മെത്രാപ്പോലീത്താ, ഗീവര്‍ഗീസ് മാര്‍ കൂറീലോസ്, സഖറിയാ മാര്‍ നിക്കോളോവോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദീവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം തുടങ്ങിയവർ സദസിൽ പങ്കെടുത്തു.