വോട്ടിന് നോട്ട് പരാതി; ശോഭാ സുരേന്ദ്രനെതിരായ പരാതിയിൽ പാലക്കാട് കലക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
പാലക്കാട്: ശോഭാ സുരേന്ദ്രനെതിരായ വോട്ടിന് നോട്ട് പരാതിയിൽ കലക്ടർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. പണം കൈമാറിയെന്ന ദൃശ്യത്തിന്റെ ശാസ്ത്രീയ പരിശോധന ഫലവും സമർപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും വ്യക്തമാകുക.
പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയിൽ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. താനുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയെ ഉൾപ്പെടുത്തി കോൺഗ്രസ് മെനഞ്ഞ കള്ളക്കഥയാണ് അരങ്ങേറിയതെന്നായിരുന്നു ശോഭയുടെ വാദം.
എന്നാൽ, തങ്ങളുടെ കൂടെയുള്ള സ്ത്രീയാണ് കാറിലുണ്ടായിരുന്നതെന്ന ദൃശ്യങ്ങൾ ഉയർത്തിക്കാട്ടി മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉയർത്തിയതോടെ ശോഭ വെട്ടിലാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ വ്യക്തമല്ലെന്നായി പിന്നീടുള്ള വാദങ്ങൾ. ഇതിന് പിന്നാലെ പണം നൽകിയ സ്ത്രീയും ശോഭ സുരേന്ദ്രനും തമ്മിൽ മുൻപരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഴയ ഫോട്ടോകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
പലയിടത്തും ബിജെപി വ്യാപകമായി പണം വിതരണം ചെയ്തെന്നാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം. കണ്ണാടി പഞ്ചായത്തിൽ പണം നൽകിയതിന് പുറമെ പിരായിരിയിൽ വോട്ടർമാർക്ക് സാരി നൽകി വോട്ടുപിടിച്ചെന്നാണ് ആരോപണം.