ഒരു വാക്ക് പോലും ഖേദം പ്രകടിപ്പിച്ചില്ല, ക്ഷമാപണം നടത്തിയതുമില്ല, മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ കോൺഗ്രസ്

ഇംഫാൽ: വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട് രണ്ട് വര്‍ഷത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് പി.ചിദംബരം. കലാപഭൂമിയിൽ എത്താൻ താമസിച്ചതിന് മോദി ക്ഷമാപണം നടത്തിയില്ലെന്നും ഒരു വാക്ക് പോലും ഖേദം പ്രകടിപ്പിച്ചില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.
"മണിപ്പൂരിൽ 2023-ൽ നടന്ന കലാപത്തിൽ 258 പേർക്ക് ജീവൻ നഷ്ടപ്പെട്ടു, 1,108 പേർക്ക് പരിക്കേറ്റു, 532 ആരാധനാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, 60,000 പേർ പലായനം ചെയ്തു.
ആയിരക്കണക്കിന് ആളുകൾ ഇന്നും അഭയാർത്ഥി ക്യാമ്പുകളിലാണ്. രണ്ട് വർഷമായി പ്രധാനമന്ത്രി മോദി മണിപ്പൂർ സന്ദർശിക്കാൻ പോലും മെനക്കെട്ടിട്ടില്ല" എന്ന് കോൺഗ്രസ് നേതാവ് എക്സിൽ കുറിച്ചു.
"ഇന്നലെ മണിപ്പൂരിൽ പോയ മോദി ഒരു വാക്ക് പോലും ഖേദം പ്രകടിപ്പിച്ചില്ല, രണ്ട് വർഷമായി വരാത്തതിന് ക്ഷമാപണം നടത്തിയില്ല. 7,300 കോടി രൂപയുടെ പദ്ധതികൾക്കും 1,200 കോടി രൂപയുടെ പദ്ധതികൾക്കും മണിപ്പൂരിലെ ജനങ്ങളെ നിങ്ങൾക്ക് വാങ്ങാൻ കഴിയുമോ?" അദ്ദേഹം കൂട്ടിച്ചേർത്തു.
സന്ദർശനത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തിനിടെ, കോൺഗ്രസ് നേതാവ് ജയ്റാം രമേശും പ്രധാനമന്ത്രി മോദിയെ പരിഹസിച്ചു. "കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം കഴിഞ്ഞ 28 മാസമായി മണിപ്പൂരിലെ ജനങ്ങൾ കടുത്ത വേദനയും ദുരിതവും കഷ്ടപ്പാടും യാതനയും അനുഭവിച്ചുവരികയാണ്.
പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കുന്നതിനായി മണിപ്പൂരിലെ ജനങ്ങൾ ക്ഷമയോടെ കാത്തിരുന്നു. ഒടുവിൽ അദ്ദേഹം ഇന്ന് അവിടെ എത്തി. പക്ഷേ, ലാൻഡിങ് മുതൽ ടേക്ക് ഓഫ് വരെ അഞ്ച് മണിക്കൂറിൽ താഴെ മാത്രമേ അദ്ദേഹം സംസ്ഥാനത്ത് ഉണ്ടായിരുന്നുള്ളൂ," അദ്ദേഹം പറഞ്ഞു.