പതിനായിരം ടൺ ശേഷിയുള്ള യുദ്ധക്കപ്പൽ നിർമ്മിക്കാൻ ഉത്തര കൊറിയ; ഷി ജിൻപിങ്ങിന്റെ സന്ദർശനത്തിന് മുന്നോടിയായി പ്രഖ്യാപനം
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ഔദ്യോഗിക സന്ദർശനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ, തങ്ങളുടെ സൈനിക കരുത്ത് വിളിച്ചോതി വടക്കൻ കൊറിയ. പതിനായിരം ടൺ ശേഷിയുള്ള വമ്പൻ യുദ്ധക്കപ്പൽ നിർമ്മിക്കാനും അതീവ രഹസ്യമായ അണ്ടർവാട്ടർ ആയുധങ്ങൾ വികസിപ്പിക്കാനും രാജ്യം പദ്ധതിയിടുന്നതായി ഉത്തര കൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ഭരണാധികാരി കിം ജോങ് ഉന്നിന്റെ മേൽനോട്ടത്തിൽ നടന്ന നാവികസേനാ പരീക്ഷണത്തിന് ശേഷമാണ് ഈ പ്രഖ്യാപനം. ‘കാങ് കോൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പതിനായിരം ടൺ യുദ്ധക്കപ്പലും, ‘ചോയ് ഹ്യോൺ’ എന്ന അയ്യായിരം ടൺ ശേഷിയുള്ള മറ്റൊരു യുദ്ധക്കപ്പലും എത്രയും വേഗം നാവികസേനയുടെ ഭാഗമാക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടതായി കൊറിയൻ പത്രമായ ‘റോഡോങ് സിൻമുൻ’ റിപ്പോർട്ട് ചെയ്തു.
ഉത്തര കൊറിയ പതിനായിരം ടൺ ശേഷിയുള്ള ഒരു യുദ്ധക്കപ്പൽ നിർമ്മിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നത് ഇതാദ്യമായാണെന്ന് ദക്ഷിണ കൊറിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ യൂണിഫിക്കേഷനിലെ മുതിർന്ന അനലിസ്റ്റ് ഹോങ് മിൻ പറഞ്ഞു. തിങ്കൾ, ചൊവ്വാ ദിവസങ്ങളിലായി നടക്കുന്ന ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തിന് മുന്നോടിയായി സ്വന്തം സൈനിക ശേഷി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനാണ് കിം ജോങ് ഉൻ ഇതിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം വിലയിരുത്തി.