"ഒരു ജനപ്രതിനിധിക്കും ഈ ഗതികേട് ഉണ്ടാവരുതെ..."; രാഹുൽ മാങ്കൂട്ടത്തിൽ കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തതിൽ പ്രതിഷേധം ശക്തം

പാലക്കാട്: കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനക്കുന്നു. പാത്തും, പതുങ്ങിയും എത്ര നാൾ ജനങ്ങളെ വഞ്ചിച്ച് എംഎൽഎക്ക് മുന്നോട്ട് പോവാൻ കഴിയുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ചോദിച്ചു.
ഒരു ജനപ്രതിനിധിക്കും ഈ ഗതികേട് ഉണ്ടാവരുതെന്ന് ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസ് പരിഹസിച്ചു. വിവാദങ്ങൾ തുടരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ തന്നെ തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് പാലക്കാട്-ബാംഗ്ലൂർ റൂട്ടിലെ പുതിയ കെഎസ്ആർടിസി ബസ് സർവീസ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്നലെ രാത്രി 9 മണിയോടെയാണ് ഫ്ലാഗ് ഓഫ് നടന്നത്.
പാലക്കാട് നിന്ന് ബാംഗ്ലൂരിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസ് വേണമെന്ന ആവശ്യം ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കഴിഞ്ഞദിവസമാണ് പാലക്കാട് കെഎസ്ആർടിസി ഡിപ്പോയ്ക്ക് സർവീസ് അനുവദിച്ച് നൽകിയത്.