രക്തസാക്ഷികളുടെ ശബ്ദം നിശബ്ദമാക്കാൻ ആർക്കും കഴിയില്ല: എക്യുമെനിക്കൽ യോഗത്തിൽ ലെയോ പതിനാലാമൻ പാപ്പ

രക്തസാക്ഷികൾ ശരീരത്തിൽ കൊല്ലപ്പെട്ടവരാണെങ്കിലും, ആർക്കും അവരുടെ ശബ്ദം നിശബ്ദമാക്കാനോ അവർ നൽകിയ സ്നേഹം മായ്ക്കാനോ കഴിയില്ലെന്ന് ലെയോ പതിനാലാമൻ പാപ്പ എക്യുമെനിക്കൽ യോഗത്തിൽ പറഞ്ഞു. സെപ്റ്റംബർ 14-ന്, കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ദിനത്തിൽ സെന്റ് പോൾ ബസിലിക്കയിൽ നടന്ന ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രക്തസാക്ഷികളുടെയും വിശ്വാസ സാക്ഷികളുടെയും അനുസ്മരണ’ത്തിൽ അധ്യക്ഷത വഹിച്ചപ്പോഴാണ് പാപ്പ ഈ പരാമർശങ്ങൾ നടത്തിയത്.
ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ സഭകൾ, വിവിധ ക്രിസ്ത്യൻ സമൂഹങ്ങൾ, വത്തിക്കാൻ ഡികാസ്ട്രികളിൽ നിന്നുള്ള എക്യുമെനിക്കൽ സ്ഥാപനങ്ങൾ, അധികാരികൾ എന്നിവരുടെ പ്രതിനിധികളെയും ഈ എക്യുമെനിക്കൽ സമ്മേളനത്തിൽ പങ്കുചേർന്നു.
“രക്തസാക്ഷിത്വം ക്രിസ്തുവുമായുള്ള കൂട്ടായ്മയാണ്. രക്തസാക്ഷികൾ തന്റെ രക്തം ചൊരിയുകയും ഈ ത്യാഗത്തിലൂടെ, ഒരിക്കൽ അകന്നിരുന്നവരെ അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് ക്രൈസ്തവർക്ക് ബോധ്യമുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിദ്വേഷം വ്യാപിച്ചതായി തോന്നിയിടത്ത്, സുവിശേഷത്തിന്റെ ഈ ധീരരായ ദാസന്മാരും വിശ്വാസത്തിന്റെ രക്തസാക്ഷികളും ‘സ്നേഹം മരണത്തേക്കാൾ ശക്തമാണ്’ എന്ന് വ്യക്തമായി തെളിയിച്ചു” 2000-ലെ എക്യുമെനിക്കൽ സമ്മേളനത്തിലെ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ വാക്കുകൾ പ്രതിധ്വനിപ്പിച്ചുകൊണ്ട് പാപ്പ കൂട്ടിച്ചേർത്തു.
“ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും പ്രതികൂല സാഹചര്യങ്ങളിലും വിശ്വാസത്തിന്റെ സാക്ഷ്യം വഹിച്ചതിനാൽ, ഇന്നത്തെ പല ക്രിസ്ത്യാനികളും കർത്താവിനെപ്പോലെ തന്നെ കുരിശ് വഹിക്കുന്നു. അവനെപ്പോലെ, അവർ പീഡിപ്പിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്നു.” പാപ്പ പറഞ്ഞു.