‘ഹിന്ദുമതം സ്വീകരിക്കുന്നതിനെ മതപരിവർത്തനമെന്ന് ആരും വിളിക്കുന്നില്ല; എന്തേ, മതപരിവർത്തനത്തിന് ഒറ്റ നിർവചനമേ ഉള്ളോ?’ -കേന്ദ്ര സർക്കാറിനെതിരെ കത്തോലിക്ക ദിനപത്രം

കോഴിക്കോട്: ഛത്തിസ്ഗഢിൽ മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തിൽ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക ദിനപത്രം ദീപിക. രാജ്യത്ത് ക്രൈസ്തവവേട്ടക്ക് ബി.ജെ.പി നൽകുന്ന പിന്തുണ ഹീനവും മനുഷ്യത്വരഹിതവും ഭരണഘടനാവിരുദ്ധവുമാണെന്നും നിങ്ങളെ നിയന്ത്രിക്കുന്നവരുടെ വികൃതമുഖം ലോകം മുഴുവൻ കാണുന്നുണ്ടെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ലോകത്തെവിടെയെങ്കിലും ഹൈന്ദവ ക്ഷേത്രങ്ങൾക്കു നേരേ അതിക്രമമുണ്ടായാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ ശക്തമായി അപലപിക്കാറുണ്ട്. എന്നാൽ, ഛത്തീസ്ഗഡ് സംഭവം പാർലമെന്റിൽ ചർച്ച ചെയ്യാൻ പോലും സർക്കാർ അനുവദിക്കുന്നില്ല. അതുപോലെ, കുംഭമേളയിലും വിവിധ ഹൈന്ദവ മഠങ്ങളിലും മറ്റു മതസ്ഥരായ അനേകം വിദേശീയരെത്തി പാർക്കുകയും പ്രാർഥിക്കുകയും ആചാരാനുഷ്ഠാനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുന്നതിനെ ആരും എതിർത്തു കാണുന്നില്ല. പല രാജ്യങ്ങളിലും ഹൈന്ദവ സന്യാസിമാരടക്കം മതപ്രചാരണം നടത്തുകയും നിരവധി പേരെ ഹൈന്ദവ വിശ്വാസികളാക്കുകയും ചെയ്യുന്നുണ്ടെന്നും മുഖപ്രസംഗം പറയുന്നു.
ഹിന്ദുമതത്തിലേക്ക് ആരെങ്കിലും ആകർഷിക്കപ്പെടുന്നതിനെ മതപരിവർത്തനമെന്ന് ആരും വിളിക്കുന്നില്ല. എന്തേ, മതപരിവർത്തനത്തിന് ഒറ്റ നിർവചനമേ ഉള്ളോ? ക്രൈസ്തവമതത്തിന്റെ ഉത്ഭവം മുതൽ ഭാരതത്തിൽ ക്രൈസ്തവരുണ്ടെന്ന സത്യം നിങ്ങൾക്കറിയാത്തതാണോ? ഈ രാജ്യത്തെ ജനസംഖ്യയിൽ ക്രൈസ്തവർ എത്ര ന്യൂനപക്ഷമാണെന്നും അവരുടെ വളർച്ച ഒരിക്കലും ക്രമരഹിതമായി കൂടിയിട്ടില്ലെന്നും നിങ്ങളുടെ പക്കൽ കണക്കുകളില്ലേ? അതൊന്നും പരിഗണിക്കാതെ ക്രൈസ്തവർ വ്യാപകമായി നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണത്തിന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമുള്ള ബിജെപി സർക്കാരുകൾ അവസരമൊരുക്കുന്നത് എന്തിനുവേണ്ടിയാണ്?
വർഗീയവിഷം വമിപ്പിച്ച് സത്യവും നീതിയും കുഴിച്ചുമൂടാൻ കയറൂരി വിട്ടിരിക്കുന്നവരെ എത്രയും പെട്ടെന്നു തളക്കുക. ഒരു കുടുംബത്തിന്റെ പട്ടിണിയകറ്റാൻ പരിശ്രമിച്ച കന്യാസ്ത്രീകളുടെ മുഖമടിച്ചു പൊളിക്കുമെന്ന് ആക്രോശിക്കുന്ന ബജ്റംഗ്ദൾ നേതാവിനെ ഭയമാണോ, അതോ അവർ ചട്ടുകമാണോ?. ബി.ജെ.പി നേതാവ് വിഷ്ണുദേവ് സായിയുടെ സർക്കാറിനെ നിയന്ത്രിക്കുന്നത് ബജ്റംഗ്ദളാണെന്ന് വരുന്നത് രാജ്യത്തിന് അപമാനകരമാണ് -മുഖപ്രസംഗം പറയുന്നു.