മന്ത്രിമാർക്ക് പുതിയ വാഹനങ്ങളില്ല, നിലവിലുള്ള ഇന്നോവകൾ ടൂറിസം വകുപ്പ് സജ്ജമാക്കി

 
vehicles

തിരുവനന്തപുരം: അധികാരമേൽക്കുന്ന പുതിയ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാർക്ക് ആദ്യഘട്ടത്തിൽ പുതിയ ഔദ്യോഗിക വാഹനങ്ങൾ ഉണ്ടാകില്ല. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, മുൻ സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന വാഹനങ്ങൾ തന്നെ മതിയെന്നാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാട്. നിലവിലുള്ള സാഹചര്യത്തിൽ പുതിയ വാഹനങ്ങൾ വാങ്ങണമോ എന്ന കാര്യം വരാനിരിക്കുന്ന മന്ത്രിസഭാ യോഗമാകും തീരുമാനിക്കുക.

ടൂറിസം വകുപ്പ് ഇതിനോടകം തന്നെ മന്ത്രിമാർക്കും വി.ഐ.പി അതിഥികൾക്കുമുള്ള വാഹനങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാർ ഉപയോഗിച്ചിരുന്ന 25 ഇന്നോവ ക്രിസ്റ്റ കാറുകളാണ് പുതിയ മന്ത്രിമാർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിരിക്കുന്നത്. എല്ലാ മന്ത്രിമാരെയും പോലെ മുഖ്യമന്ത്രിയും വെളുത്ത നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ തന്നെയാകും ഉപയോഗിക്കുക.

നിലവിലുള്ള വാഹനങ്ങളിൽ ഏറ്റവും പുതിയതായിട്ടുള്ള കാറാകും സ്റ്റേറ്റ് നമ്പർ വൺ (State No. 1) ആയി മുഖ്യമന്ത്രിക്ക് നൽകുക. മറ്റ് മന്ത്രിമാരുടെ വാഹനങ്ങളുടെ നമ്പറുകൾ അതത് മന്ത്രിമാരുടെ താല്പര്യപ്രകാരം പിന്നീട് തീരുമാനിക്കും. മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉപയോഗിച്ചിരുന്ന കറുത്ത നിറത്തിലുള്ള കിയ കാർണിവൽ (Kia Carnival) വാഹനങ്ങൾ പോലീസ് വിഭാഗം ഏറ്റെടുത്തു. സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ തന്നെ പോലീസിന് കർശന നിർദേശം നൽകിയിരുന്നു.


സത്യപ്രതിജ്ഞാ ചടങ്ങിനെത്തുന്ന വി.വി.ഐ.പി അതിഥികൾക്കായി ഹൈക്കോടതി ജഡ്ജിമാർ അടക്കം ഉപയോഗിച്ചിരുന്ന 21 വാഹനങ്ങളും ടൂറിസം വകുപ്പ് തയ്യാറാക്കി നിർത്തിയിട്ടുണ്ട്.

Tags

Share this story

From Around the Web