"ഏത് രാഷ്‌ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല"; ബിജെപി നേതാക്കൾക്ക് പരോക്ഷ മറുപടിയുമായി ദീപിക

 
DEEE

കോട്ടയം: എൻഡിഎ നേതാക്കളുടെ അധിക്ഷേപത്തിൽ പരോക്ഷ മറുപടിയുമായി ദീപിക ദിനപത്രം. എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്ന് ദീപിക മുഖപ്രസംഗത്തിൽ വ്യക്തമാക്കി. സഭയ്ക്കില്ല ഹിംസയുടെ കുപ്പിണി പട്ടാളമെന്ന തലക്കെട്ടോടെയാണ് ദീപികയുടെ മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

ബിജെപിക്കെതിരെ സ്റ്റാലിനെയും ട്രംപിനേയും ഉദ്ധരിച്ചാണ് ദീപികയുടെ മുഖപ്രസംഗം. ആഗോള തീവ്രവാദത്തിൻ്റെയും ഏകാധിപത്യത്തിൻ്റെയും ക്രൂരത യാഥാർഥ്യമാണ്. അതിനെതിരായ ചെറുത്തുനിൽപ്പ് എന്ത് അക്രമത്തിനുമുള്ള ബ്ലാങ്ക് ചെക്ക് അല്ല. ഭീഷണി യുദ്ധ കൊതിയനായ ട്രംപിൻ്റെ ആയാലും വർഗീയതയുടെ ഏജൻ്റുമാരായ കേരളത്തിലെ പ്രാദേശിക രാഷ്ട്രീയ കവല ചട്ടമ്പികളായാലും അത് മറക്കരുത് എന്നും ദീപിക ചൂണ്ടിക്കാട്ടി. സ്വന്തം ദുഷ്‌കൃത്യങ്ങളെ വിമർശിക്കുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുന്ന കുതന്ത്രത്തിൻ്റെ അമേരിക്കൻ പതിപ്പാണ് ഇതെന്നും മുഖപ്രസംഗത്തിൽ വ്യക്തമാക്കി.

എല്ലാവർക്കും വേണ്ടി എന്ന് പറഞ്ഞ് പാസാക്കിയ നിയമങ്ങൾ ന്യൂനപക്ഷങ്ങളെ മാത്രം വേട്ടയാടുകയാണ്. ആൾക്കൂട്ട വിചാരണയും അടിച്ചമർത്തലും തുടരുമ്പോൾ അത് ബാധിക്കുന്നവർ മിണ്ടാതിരുന്നോണം, പാർലമെൻ്റിൽ പോലും ചർച്ച ചെയ്യില്ലെന്നാണ് നിലപാട്. അധികാര മുഷ്‌കിൽ മനുഷ്യത്വത്തെ കഴുത്തു ഞെരിക്കാൻ ശ്രമിച്ച നിരവധി പ്രേതങ്ങൾ ചരിത്രത്തിൽ ഉടനീളം ആട്ടും തുപ്പുമേറ്റ് കിടപ്പുണ്ട്. ഞങ്ങൾ അങ്ങ് നടപ്പാക്കും നിങ്ങളാരാ ചോദിക്കാൻ, നിങ്ങൾ എത്ര ശതമാനമുണ്ട്, ഭരണകൂടത്തിൻ്റെ മര്യാദ കൊണ്ട് നിങ്ങളെയൊക്കെ ചുമക്കുന്നന്നേയുള്ളൂ, ഇത്തരം ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും ദീപിക വ്യക്തമാക്കി.

Tags

Share this story

From Around the Web